ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം.

യുകെ ഒണ്‍ലി ലെയിനുകള്‍ ജനങ്ങള്‍ക്ക് താല്‍പര്യമാകുമെങ്കിലും അതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വരുമെന്നതിനാല്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ശക്തമായ പ്രദര്‍ശനമാകുമെന്നതിനാല്‍ പ്രത്യേക ലെയിന്‍ ഒരു ആകര്‍ഷണമാകുമെന്ന് ഹോം ഓഫീസ് നടത്തിയ ഒരു പഠനം വിലയിരുത്തുന്നു. അതേസമയം വിമാനത്താവളങ്ങിലും മറ്റും എത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പരിഗണിച്ചാല്‍ യുകെ ഒണ്‍ലി ലൈനുകളില്‍ കൂടുതല്‍ സമയം നഷ്ടമാകുമെന്നത് വ്യക്തമാണ്.

ചിലപ്പോള്‍ മറ്റു നിരകളേക്കാള്‍ ബ്രിട്ടീഷുകാരുടെ നിരകള്‍ക്ക് നീളം കൂടാനും സാധ്യയുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ താമസിക്കാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കായി ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാജിദ് ജാവിദ് തയ്യാറെടുക്കുന്നതിനിടയിലാണ് യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ വ്യാഴാഴ്ച ഹോം സെക്രട്ടറി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത് ജാവിദും ബ്രെക്‌സിറ്റ് അനുകൂലികളും തമ്മില്‍ യുദ്ധത്തിന്  വഴിവെക്കുമെന്നും നിരീക്ഷണമുണ്ട്.