ലണ്ടന്‍: അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരാകണമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമന്‍സ്. ഡേറ്റ ചോര്‍ന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് വാല്യുവില്‍ 40 ബില്യ ഡോളറിന്റെ ഇടിവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നിയോഗിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കണ്‍സള്‍ട്ടിംഗ് കമ്പനി 50 മില്യന്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചതായി വ്യക്തമായിരുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരറിയാതെ ചോരുന്നതിനെ കുറച്ചു കാണുകയും പാര്‍ലമെന്റിനെ ഫേസ്ബുക്ക് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട് കമ്മിറ്റി തലവന്‍ ഡാമിയന്‍ കോളിന്‍സ് പറഞ്ഞു. 2014ല്‍ 50 മില്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ ഇനി ഫേസ്ബുക്ക് സ്ഥാപകന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ കോളിന്‍സ് ആവശ്യപ്പെടുന്നു.

രാഷ്ട്രീയ നേതാക്കളെ കുരുക്കാനും വിദേശരാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ നേതൃത്വത്തിലുള്ളവര്‍ അവകാശപ്പെടുന്നതിന്റെ ഒളിക്യാമറ വീഡിയോകള്‍ പുറത്തു വന്നതോടെയാണ് പാര്‍ലമെന്റിന്റെ നീക്കം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക 2016ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും ബ്രെക്‌സിറ്റ് ഹിതപരിശോധനാ ക്യാംപെയിനില്‍ ലീവ് പക്ഷക്കാര്‍ക്ക് വേണ്ടിയും നിയോഗിക്കപ്പെട്ടിരുന്നു.

ഫേസ്ബുക്കില്‍ നിന്ന് മറ്റ് കമ്പനികള്‍ക്ക് എപ്രകാരമാണ് സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നതെന്നതാണ് സുക്കര്‍ബര്‍ഗിനോട് എംപിമാര്‍ ഉന്നയിക്കുന്ന ചോദ്യം. ഇത് ഉപയോക്താക്കളുടെ സമ്മതത്തോടെയാണോ ശേഖരിക്കപ്പെടുന്നതെന്ന ചോദ്യവും പാര്‍ലമെന്റ് ഉയര്‍ത്തുന്നു. ഡിസിഎംഎസില്‍ നിന്ന് കത്ത് ലഭിച്ചതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. വിഷയത്തില്‍ പ്രതികരണം അറിയിക്കുമെന്നും വക്താവ് വ്യക്തമാക്കി.