ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കുട്ടി തന്റെ അഞ്ചാം പിറന്നാളിന് ക്ഷണിച്ചുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിക്ക് കത്തയക്കുമ്പോള്‍ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഷാന്‍ ദുലേ എന്ന കുട്ടി ജൂണ്‍ 25നാണ് തന്റെ ജന്മദിനം ആഘോഷിക്കുന്നത്. രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് തനിക്ക് അവസരമൊരുക്കണമെന്ന് അമ്മ ബല്‍ജീന്ദറിനോട് അവന്‍ ആവശ്യപ്പെട്ടു. സാന്‍ഡ് വെല്ലിലുള്ള വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് കുട്ടിയുടെ കത്തിന് രാജ്ഞി മറുപടി നല്‍കി.

രാജ്ഞി വളരെ തിരക്കിലായിരിക്കുമെന്ന് അമ്മ പറഞ്ഞപ്പോള്‍ ചിലപ്പോള്‍ എത്തിയാലോ എന്നായിരുന്നു നാല് വയസുകാരന്‍ തിരിച്ചു ചോദിച്ചത്. രാജ്ഞിയെ ക്ഷണിച്ചുകൊണ്ട് ഇവന്‍ അയച്ച കത്തില്‍ രാജ്ഞിയുടെ കിരീടവും ചുവന്ന കുപ്പായവും തനിക്ക് ഇഷ്ടമാണെന്നും ഒരു സൂപ്പര്‍ഹീറോയെപ്പോലെയാണ് തനിക്ക് രാജ്ഞിയെ തോന്നുന്നതെന്നും കുറിച്ചിരുന്നു. ലോകത്തെ ഏറ്റവും നല്ല രാജ്ഞി നിങ്ങളാണ്. കുതിരകളെയും വിമാനങ്ങളെയും പാവപ്പെട്ട കുട്ടികളെയും കുറിച്ച് എനിക്ക് താങ്കളുമായി സംസാരിക്കണമെന്നും ഷാന്‍ എഴുതി.

മാര്‍ച്ച് 13ന് എഴുതിയ കത്തിന് മറുപടി ഒന്നും ലഭിക്കാതെ വന്നതില്‍ ഷാന്‍ നിരാശനായിരുന്നു. എന്നാല്‍ മെയ് 3ന് ഷാനിന്റെ രക്ഷിതാക്കളെ ഞെട്ടിച്ചുകൊണ്ട് രാജ്ഞിയുടെ മറുപടി എത്തി. ഏറെ തിരക്കുകള്‍ ഉള്ളതിനാല്‍ പാര്‍ട്ടിക്ക് വരാന്‍ കഴിയില്ലെന്നും കുതിരകളെ ഇഷ്ടമാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്ഞിയുടെ കത്തില്‍ പറയുന്നു. നല്ലൊരു ജന്മജദിനാശംസയും എലിസബത്ത് രാജ്ഞി ഷാനിന് നല്‍കി. ഈ കത്തുകള്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു.