ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- സിറിയൻ അഭയാർഥികളായ ബ്രിട്ടീഷ് അനാഥ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുവാൻ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. വടക്ക്-കിഴക്കൻ സിറിയയിൽ അകപ്പെട്ട അനാഥരായ കുഞ്ഞുങ്ങളെ പറ്റി വിവരം ലഭിച്ചാൽ അവരെ രക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പു നൽകി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുൻ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായാണ്, ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം. മുൻപ് സിറിയയിൽ നിന്നും കുട്ടികളെ പുറത്തു കൊണ്ട് വന്നാൽ മാത്രമേ ഇടപെടുകയുള്ളു എന്നായിരുന്നു യുകെയുടെ തീരുമാനം.


കഴിഞ്ഞആഴ്ച ബിബിസി റിപ്പോർട്ടിങ് ടീം ബ്രിട്ടീഷുകാരായ മൂന്നു അനാഥ കുഞ്ഞുങ്ങളെ സിറിയൻ ക്യാമ്പിൽ കണ്ടെത്തിയിരുന്നു. 10 വയസ്സും അതിൽ താഴെയുമുള്ളവരായിരുന്നു മൂന്നുപേരും. അഞ്ചു വർഷം മുൻപ് ആണ് അവർ സിറിയയിലേക്ക് താമസം മാറ്റിയത് എന്ന് കുട്ടികൾ പറഞ്ഞിരുന്നു . അവരുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും മറ്റും കൊല്ലപ്പെട്ടുവെന്നും, ഇപ്പോൾ തങ്ങൾക്ക് ആരുമില്ലെന്നും മൂത്ത കുട്ടിയായ പത്തു വയസ്സുള്ള അമീറ ബിബിസിയോട് പറഞ്ഞു. തനിക്ക് ബ്രിട്ടനിലേക്ക് മടങ്ങിപ്പോകണം എന്നും അമീറ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ തീരുമാനം. വളരെ ഉചിതമായ തീരുമാനം ആണ് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റേത് എന്ന് വടക്ക്-കിഴക്കൻ സിറിയയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘ സേവ് ദി ചിൽഡ്രൻ ‘ രേഖപ്പെടുത്തി. എന്നാൽ എങ്ങനെയാണ് ബ്രിട്ടീഷ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് വ്യക്തമായ അറിയിപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ മാത്രം വിശ്വസിക്കാനാകില്ലെന്നും അവർ പറഞ്ഞു.

സിറിയയിലെ കുർദിഷ് മേഖലയിലുള്ള തിരക്കേറിയ അഭയാർത്ഥിക്യാമ്പുകളിൽ എത്രത്തോളം ബ്രിട്ടീഷ് അനാഥ കുഞ്ഞുങ്ങൾ ഉണ്ടെന്നുള്ള ശരിയായ കണക്ക് ഇതുവരെ ലഭ്യമല്ല. ചില അനൗദ്യോഗികമായ കണക്കുകൾ പ്രകാരം 30 കുഞ്ഞുങ്ങളുണ്ട് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം .