കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുകെയിലെ പെണ്‍കുട്ടികളിലെയും യുവതികളിലെയും സന്തുഷ്ടിയുടെ നിരക്ക് സാരമായി കുറഞ്ഞതായി പഠനം. 25 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്. 2009ല്‍ ഈ നിരക്ക് 41 ശതമാനമായിരുന്നു. പരീക്ഷകളും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് ഈ അസന്തുഷ്ടിക്ക് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നു. ഗേള്‍ഗൈഡിംഗ് ഓര്‍ഗനൈസേഷനു വേണ്ടി ഏഴ് മുതല്‍ 21 വയസു വരെയുള്ളവരില്‍ നടത്തിയ ആറ്റിറ്റിയൂഡ് സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പ്രായമേറിയവരിലാണ് അസന്തുഷ്ടിയുടെ നിരക്ക് ഏറെയെന്നും പഠനം പറയുന്നു.

17 മുതല്‍ 21 വയസു വരെ പ്രായമുള്ളവരില്‍ 27 ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് പറഞ്ഞു. 2009ല്‍ ഇത് വെറും 11 ശതമാനം മാത്രമായിരുന്നു. ഈ അസന്തുഷ്ടി ഇവരുടെ ആത്മവിശ്വാസത്തെ 61 ശതമാനവും ആരോഗ്യത്തെ 50 ശതമാനവും ബന്ധങ്ങളെ 49 ശതമാനവും പഠനത്തെ 39 ശതമാനവും ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. 69 ശതമാനം പേരില്‍ സ്‌കൂള്‍ പരീക്ഷകളാണ് അവരുടെ മാനസിക സമ്മര്‍ദ്ദത്തിന് പ്രധാന കാരണം. 59 ശതമാനം പേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും അസന്തുഷ്ടിക്ക് കാരണമാകുന്നുണ്ട്.

അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ദയാരഹിതമായി പെരുമാറ്റങ്ങളും ഭീഷണികളും മോശം പെരുമാറ്റങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളി. 1900 പെണ്‍കുട്ടികളിലാണ് സര്‍വേ നടത്തിയത്. പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ ഏറെ സമയം ചെലവഴിക്കുന്നതായും അവരുടെ സാമൂഹ്യ ജീവിതം കുറഞ്ഞു വരുന്നതായും സര്‍വേ ആശങ്കപ്പെടുന്നു. വ്യക്തിബന്ധങ്ങളാണ് സാമൂഹിക സന്തുഷ്ടിയുടെ പ്രധാന ഘടകം. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളുടെ സോഷ്യലൈസേഷനില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.