തോമസ് ജോർജ്

കേൾക്കുവാൻ ബാഹ്യമായ ചെവിയും ആന്തരികമായ ഹൃദയവും ഉള്ളവർ മനസ്സിലാക്കുക… കൃപയുള്ളവർ മാത്രം വിവാഹ ജീവിതം സ്വീകരിച്ചു മരണം വരെ കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് കുടുംബം… ‘കൂടുബോൾ ഇമ്പമുള്ളത് കുടുംബം’… നന്മചെയ്യാന്‍ സാബത്തോ മറ്റു നിയമങ്ങളോ തടസ്സമാകരുതെന്ന് ക്രിസ്തു സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. നമ്മൾ ചെയ്യുന്ന നന്മയും സൽപ്രവർത്തികളും മക്കളിലേക്ക്‌ നാമറിയാതെ ചെന്നെത്തുന്നു. അത് അവരുടെ ജീവിതത്തെ സ്വാധീനിക്കുബോൾ നന്മയുടെ വേരുകൾ അവരിൽ പൊട്ടിമുളക്കുന്നു. മനുഷ്യത്വത്തോളം വിലയുള്ളതല്ല നിയമങ്ങളും ചട്ടങ്ങളും എന്ന് തിരിച്ചറിയുക. കൂട്ടായ്മകൾക്ക് സ്‌നേഹത്തിന്റെ നിറവും, കരുണയുടെ തലോടലും, പരിഗണനയുടെ ചൂടും ലഭിക്കുമ്പോള്‍ അത് മനുഷ്യന് സുഖമുള്ളതാകുന്നതോടൊപ്പം ആ സുഖം അവന്റെ കുടുംബത്തിലേക്കും വ്യാപരിക്കുന്നു എന്നുള്ളത് ഒരു വസ്തുത.

ഇന്ന് യുകെയിൽ കൂട്ടായ്മയുടെ കാലഘട്ടം ആണ്.   ജില്ലാടിസ്ഥാനത്തിലും ഗ്രാമങ്ങളുടെയും ഇടവകകളുടെയും അടിസ്ഥാനത്തിലും ഒക്കെ ഇത് സംഘടിപ്പിക്കപ്പെടുന്നു. എന്നാൽ ഇത്തരം കൂട്ടായ്മയില്‍ നിന്നും വ്യത്യസ്തമായി ഒരുപക്ഷെ യുകെയില്‍ ആദ്യമായി ഒരേ കുടുംബങ്ങളില്‍ നിന്നും എത്തിയവരുടെ ഒരു കൂട്ടായ്മ ഒരുക്കി വ്യത്യസ്തമാവുകയാണ് ഞാവള്ളി കുടുംബ കൂട്ടായ്മ. ഞാവള്ളി കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 28 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേരുന്നത്.

ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍ വച്ചാണ് ആദ്യ സംഗമം. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന കൂട്ടുകുടുബം എന്ന സമ്പ്രദായം നിലനിൽക്കുബോൾ ഉണ്ടായിരുന്ന ഒരു ഊഷ്‌മളത തിരിച്ചുകൊണ്ടുവരുവാൻ ഇത്തരം കൂടിച്ചേരലുകൾ വഴിയൊരുക്കുകയും സ്വന്തക്കാരെ കുട്ടികൾക്ക് തിരിച്ചറിയുവാനും ഉള്ള ഒരു നല്ല അവസരമായി ഉപയോഗിക്കുമ്പോൾ കൂട്ടായ്‌മ അതിന്റെ ഉദ്ദേശ്യത്തിലെത്തുന്നു.

കുടുംബകൂട്ടായ്മക്ക് മുഖ്യ അതിഥിയായി എത്തുന്നത് യുകെയിലെ സീറോ മലബാര്‍ സഭയുടെ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും കൂടുതല്‍ പരിചയപ്പെടുന്നതിനുമായി ഒരുക്കിയിരിക്കുന്ന പ്രഥമ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 1996 ല്‍ പാലായില്‍ സ്ഥാപിതമായ ഞാവള്ളി കുടുംബ കൂട്ടായ്മ എല്ലാ വര്‍ഷവും വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഏറെ ശ്രദ്ധ നേടുന്നു. ഇതുവരെ ഈ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ സാധിക്കാത്ത ഞാവള്ളി കുടുംബത്തിലെ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടുവാൻ ഇതിന്റെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സഖറിയാസ് ഞാവള്ളി: 07939539405
ബെന്നി തെരുവൻകുന്നേൽ : 07398717843
മാത്യു അലക്‌സാണ്ടര്‍ ആണ്ടുകുന്നേൽ : 07904954471
സതീഷ് ഞാവള്ളി: 07538406263