വൈകിയെത്തിയ സ്പ്രിംഗ് മൂലം യുകെയില്‍ ഹേയ് ഫീവര്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ഇന്നലെ. 18 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നതോടെ നിരവധി പേരാണ് വെയില്‍ കായാന്‍ ബീച്ചുകളിലും പാര്‍ക്കുകളിലും എത്തിച്ചേര്‍ന്നത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം മരങ്ങളുടെ പരാഗണ കാലം വൈകിയതാണ് ഈ അവസ്ഥാവിശേഷത്തിന് കാരണമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതോടെ മരങ്ങളെല്ലാം ഒരേ സമയം പുഷ്പിക്കുകയും അന്തരീക്ഷത്തില്‍ പോളനുകളുടെ സാന്നിധ്യം ഉയരുകയും ചെയ്യും. ഇത് പോളന്‍ അലര്‍ജിയുള്ളവരെ സാരമായി ബാധിച്ചാക്കാമെന്ന് അലര്‍ജി എക്‌സ്‌പേര്‍ട്ട് മാക്‌സ് വൈസ്‌ബെര്‍ഗ് മുന്നറിയിപ്പ് നല്‍കുന്നു.

ഹേയ് ഫീവര്‍ ബാധിംച്ചവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും മൂക്കൊലിപ്പ് ഉണ്ടാകുകയും ചെയ്യും. ബിര്‍ച്ച്, ആള്‍ഡര്‍, ഹോഴ്‌സ് ചെസ്റ്റ്‌നട്ട്, ഹേയ്‌സല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ മാര്‍ച്ച് ആദ്യ വാരത്തോടെ പൂവിട്ട് തുടങ്ങാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ബീസ്റ്റ് ഫ്രം ഈസ്റ്റും എമ്മ കൊടുങ്കാറ്റും മൂലം ശൈത്യകാലം നീണ്ടതോടെ ഇവ പുഷ്പിക്കുന്നതിനും കാലതാമസം നേരിട്ടു. കഴിഞ്ഞ കുറേ ആഴ്ച്ചകളായി തുടര്‍ന്നിരുന്ന അതിശൈത്യവും ശീതക്കാറ്റും മഴയും യുകെയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇനി മെച്ചപ്പെട്ട സമ്മര്‍ ദിനങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും തിരക്ക് വര്‍ധിക്കാനാണ് സാധ്യത.

ഇന്നലെ തെളിച്ചമുള്ള കാലാവസ്ഥ ലഭിച്ചെങ്കിലും മഴ തിരിച്ചു വരാനുള്ള സാധ്യതകളുണ്ട്. ഈ മാസത്തില്‍ ഇടവിട്ട് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ശരാശരി 194 മണിക്കൂറാണ് മേയ് മാസത്തില്‍ ലഭിക്കുന്ന സണ്‍ഷൈന്‍. എന്നാല്‍ സാധാരണ മേയ് മാസങ്ങളെക്കാളും കൂടുതല്‍ മണിക്കൂറുകള്‍ ഇത്തവണ സണ്‍ഷൈന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും വരള്‍ച്ച നേരിടുന്ന മാസവും മേയ് ആയിരിക്കും. ഈ വര്‍ഷം ഏതാണ്ട് 60 ദിവസത്തോളം രാജ്യത്തിന് നല്ല കാലാവസ്ഥാ ദിനങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ശനിയാഴ്ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈസ്റ്റിലെ പ്രദേശങ്ങളില്‍ മഴയുടെ ലഭ്യത കുറയുമെങ്കിലും മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ്, നോര്‍ത്ത്, സൗത്തേണ്‍ സ്‌കോട്‌ലന്റ് എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതേ സമയം ഞായറാഴ്ച്ച തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മേയ് മാസത്തിലെ കാലവസ്ഥ പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സണ്‍ഷൈന്‍ കൊണ്ടുവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അടുത്ത മാസം യുകെയെ കാത്തിരിക്കുന്ന സമീപകാലത്തെ ഏറ്റവും മെച്ചപ്പെട്ട സമ്മര്‍ ദിനങ്ങളാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വെയില്‍ കായാനായി പുറത്തിറങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം അടുത്ത മാസമാണെന്ന് പഠനം പറയുന്നു.