ലണ്ടന്‍: ഈ വിന്റര്‍ യുകെയിലെ ഏറ്റവും തണുപ്പേറിയതാകുമെന്ന് ആശങ്ക. ലാ നിന പ്രതിഭാസം കാരണം ദൈര്‍ഘ്യമേറിയ വിന്ററായിരിക്കും ഇതെന്നും അനുമാനിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തണുപ്പേറിയ ഫെബ്രുവരിയാണ് വരാനിരിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലാ നിന പ്രതിഭാസം നേരത്തേ അനുഭവപ്പെട്ട 2010-11 കാലയളവിനെപ്പോലൊയായിരിക്കും ഈ വര്‍ഷവുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഈ കാലയളവില്‍ യുകെയില്‍ കനത്ത മഞ്ഞ് വീഴ്ചയും ആഫ്രിക്കയില്‍ കടുത്ത വേനലുമാണ് ഉണ്ടായത്.

അമിതമായി ചൂട് വര്‍ദ്ധിക്കുന്ന എല്‍ നിനോ പ്രതിഭാസത്തെ പിന്തുടര്‍ന്ന് വരുന്ന അമിത ശീതകാലാവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസമാണ് ഇപ്പോള്‍ യുകെയില്‍ അനുഭവപ്പെടുന്നതെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ലാ നിന പ്രതിഭാസം തുടങ്ങിയതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിര്‍വചനങ്ങളിലുള്ള വ്യത്യാസമാണ് വിവിധ രാജ്യങ്ങള്‍ ഇതിന് വ്യത്യസ്ത തലത്തില്‍ അംഗീകരിക്കുന്നതിന് കാരണം.

കടല്‍ ജലത്തിന്റെ താപനില ആറുമാസത്തോളമായി കുറഞ്ഞിരിക്കുന്നത് ഇതിന്റെ ലക്ഷണമാണെന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ അനുഭവപ്പെട്ടതിന് സമാനമായ അനുഭവമായിരിക്കില്ല ഈ വര്‍ഷം ഉണ്ടാകുകയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അത്ര കടുത്തതാകില്ലെങ്കിലും നീണ്ടു നില്‍ക്കുന്ന വിന്റര്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചനം.