ലണ്ടന്‍: കാലാവസ്ഥ കടുത്തതോടെ എട്ട് ത്രെറ്റ് ടു ലൈഫ് മുന്നറിയിപ്പുകള്‍ രാജ്യത്ത് പുറപ്പെടുവിച്ചു. 58 കൊല്ലത്തിനിടയിലെ ഏറ്റവും തണുത്ത കാലാവസ്ഥയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് നിഗമനം. കടുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളില്‍ പുറപ്പെടുവിക്കുന്ന യെല്ലോ വാര്‍ണിംഗാണ് ഇപ്പോള്‍ രാജ്യത്ത് പുറപ്പെടുവിച്ചിട്ടുളളത്. ഈ കാലാവസ്ഥ മനുഷ്യ ജീവന് ഭീഷണിയായേക്കാമെന്നും മറ്റു നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. സ്‌കോട്ട്‌ലാന്‍ഡ്, വടക്കന്‍ ഇംഗ്ലണ്ട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുകയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ഇത് മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. സതേണ്‍ സ്‌കോട്ട്‌ലാന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായ പ്രദേശങ്ങളില്‍ ഇത് ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അബര്‍ദീന്‍, ഡന്‍ഡീ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളോട് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സൈബീരിയയില്‍ നിന്നും ഉത്തരധ്രുവത്തില്‍ നിന്നും എത്തിയിട്ടുളള തണുത്ത കാലാവസ്ഥ ആര്‍ട്ടിക്കിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കും. ഇത് വെളളപ്പൊക്കത്തിനും കൊടും തണുപ്പിനും കാരണമായേക്കാം. കനത്ത മഴ ദുരിതം വിതച്ച രാജ്യത്തിന് ഇത് മറ്റൊരാഘാതം സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്. ഡോണ്‍ നദി കരവിഞ്ഞൊഴുകിയതോടെ സ്‌കോട്ട്‌ലന്റ് ദുരിതത്തിലായിരിക്കുകയാണ്.

അബര്‍ദീനില്‍ നിന്ന് ധാരാളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം അബര്‍ദീന്‍ വിമാനത്താവളത്തിലെ ഗതാഗതത്തെയും കാലാവസ്ഥ തടസപ്പെടുത്തി. വാരാന്ത്യത്തോടെ കാലാവസ്ഥ കൂടുതല്‍ കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുപത് വെളളപ്പൊക്ക മുന്നറിയിപ്പുകളും 100 ജാഗ്രതാ നിര്‍ദേശങ്ങളും രാജ്യത്ത് നിലവിലുണ്ട്.