രാജ്യത്ത് ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടേക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങാനും വിമാനങ്ങളും ട്രെയിനുകളും താമസിക്കാനോ സര്‍വീസുകള്‍ തന്നെ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. കനത്ത കാറ്റില്‍ വൈദ്യുതി വിതരണത്തിനും തടസമുണ്ടാകാനിടയുണ്ട്. റോഡുകളിലും നടപ്പാതകളിലും മറ്റും മഞ്ഞിന്റെ പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈക്കിള്‍ യാത്രക്കാര്‍ക്കും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള മഴമേഘങ്ങള്‍ ചൊവ്വാഴ്ച യുകെയില്‍ എത്തും. യുകെയിലെ തണുത്ത കാലാവസ്ഥയുമായി ഇത് ചേരുന്നതോടെ കനത്ത മഞ്ഞുവീഴ്ചയായിരിക്കും ഉണ്ടാകുക. ഉച്ചക്കു ശേഷം മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ ഇത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും എത്തുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കുറഞ്ഞത് 1 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയെങ്കിലും ഉണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെയാകാം.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സതേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. രാജ്യത്തൊട്ടാകെ പൂജ്യത്തിലും താഴെയായിരിക്കും താപനില. ഇത് സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളില്‍ മൈനസ് 7 വരെ പോകാനിടയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.