യുകെയിലെ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതോടു കൂടി കൊടും തണുപ്പില്‍ നിന്ന് രാജ്യം പൂര്‍ണമായും മുക്തി നേടുമെന്നാണ് കരുതുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിറ്ററേനിയന്‍ കാലാവസ്ഥ കൊണ്ടുവരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സമീപകാലത്ത് ഉണ്ടായ ഏറ്റവും തണുപ്പേറിയ വിന്ററിനായിരുന്നു യുകെ സാക്ഷ്യം വഹിച്ചിരുന്നത്. സമ്മറില്‍ ലഭിക്കുന്ന സണ്‍ഷൈന്‍ മണിക്കൂറുകളുടെ ദൈര്‍ഘ്യത്തെ ഇത് ബാധിക്കുമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യുകെയില്‍ പതിവിലും കൂടുതല്‍ വെയില്‍ ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

സൗത്ത്, ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടിലെ താപനില 20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. ഇത് റോമിലെയും ഗ്രീസിലെയും കാലാവസ്ഥയ്ക്ക് സമാനമാണ്. സാധാരണ ഗതിയില്‍ ഏപ്രില്‍ മധ്യത്തോടെ ഉണ്ടാകുന്ന ചൂടിനേക്കാളും 10 ഡിഗ്രി കൂടുതലാണ് ഇത്തവണ ലഭിക്കാന്‍ പോകുന്നത്. സതേണ്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടിയ താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത. വെയില്‍സിലും ഇംഗ്ലണ്ടിലെ മുഴുവന്‍ പ്രദേശങ്ങളിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. ഈ ആഴ്ച്ചയോടെ അന്തരീക്ഷ താപനില ഉയരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. എന്നാല്‍ വെസ്റ്റേണ്‍ സ്‌കോട്‌ലന്റ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവടങ്ങളില്‍ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

 

ശനിയാഴ്ച്ച മുതല്‍ വീക്കെന്‍ഡ് മുഴുവനും തെളിച്ചമുള്ള കാലാവസ്ഥയായിരിക്കും മിക്ക പ്രദേശങ്ങളിലും. അതേസമയം ഞായറാഴ്ച്ച മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കലാവസ്ഥാ വിദഗ്ദ്ധന്‍ സാറ കെന്റ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച്ച തെളിച്ചമുള്ള കാലാവസ്ഥയിലേക്ക് മാറുമെന്നും കെന്റ് പറഞ്ഞു. സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലെ താപനില തിങ്കളാഴ്ച്ചയോടെ 15 അല്ലെങ്കില്‍ 16 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ താപനില 18 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സണ്‍ഷൈന്‍ ലഭിക്കുമെന്ന് കെന്റ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കാന്‍ സാധ്യതയുള്ളത് ലണ്ടനിലാണ്. ഇവിടെ താപനില 20 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.