ചെല്‍ട്ടന്‍ഹാം: യൂറോപ്പിലെ ഏറ്റവും വലിയ ക്രിസ്തീയ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ച് അര്‍പ്പിക്കപ്പെടുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് 101 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ശുഭ്രവസ്തധാരികളായ 101 അംഗ സംഘ ഗായകര്‍ ഗാനശുശ്രൂഷയില്‍ പങ്കെടുക്കുന്നത്. ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ വിശ്വപ്രസിദ്ധമായ ജോക്കി ക്ലബ്ബിലാണ് 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഗായക സംഘത്തില്‍ ചേര്‍ന്ന് ഗാനമാലപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയുമായി ബന്ധപ്പെടേണ്ടതാണ്. യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വേദിയിലാണ് ഇത്തവണ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. പുഷ്പാലംകൃതമായ ബലിപീഠത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കാര്‍മ്മികത്വം വഹിക്കും.

16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.