സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: യു.കെ.കെ.സി.എ.യുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സ്വാഗതഗാന നൃത്തത്തിനായി യു.കെ.കെ.സി.എ ഒരുങ്ങുന്നു. 20 യൂണിറ്റിലെ 151 യുവതീ യുവാക്കളും കൗമാര പ്രായക്കാരും തകര്‍ത്താടുന്ന സ്വാഗതഗാന നൃത്തം ചരിത്രത്തിലെ സുവര്‍ണ ഇതളുകളില്‍ വജ്രലിപികളാല്‍ എഴുതപ്പെടും.

ദ്രുതതാളത്തില്‍ ക്നാനായ വികാരാവേശം നിറഞ്ഞുനില്‍ക്കുന്ന സ്വാഗതഗാനനൃത്തം യു.കെ.കെ.സി.വൈ.എല്‍ അംഗങ്ങളാണ് അവതരിപ്പിക്കുന്നത്. യുവത്വത്തിന്റെ ഊര്‍ജ്ജവും പ്രസരിപ്പും നിറഞ്ഞാടുന്ന സ്വാഗതഗാന നൃത്തം ജോക്കി ക്ലബ്ബിലെ അതിപ്രൗഢിയാര്‍ന്ന വേദിയില്‍ നിറഞ്ഞാടുമ്പോള്‍ യു.കെ.കെ.സി.വൈ.എല്‍.നും അഭിമാനമാണെന്ന് യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണ്‍ സജി പറഞ്ഞു.

ക്നാനായ കാത്തലിക് വിമണ്‍സ് ഫോറം അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം അതി മനോഹരമായ ദൃശ്യവിരുന്നായിരിക്കും 500ലധികം ക്നാനായ യുവതികള്‍ അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം മാര്‍ഗ്ഗം കളിയും പരിചമുട്ട്, തിരുവാതിര, ഒപ്പന എന്നിവ സമ്മിശ്രമായി അണിചേരുമ്പോള്‍ പുതുചരിത്രമാകും യു.കെ.കെ.സി.വൈ.എ സൃഷ്ടിക്കുക.

തുടര്‍ന്ന് യു.കെ.കെ.സി.വൈ.എ.യുടെ പ്രൗഢഗംഭീരമായ റാലി നടക്കും വിശിഷ്ടാതിഥികള്‍ യു.കെ.കെ.സി.വൈ.എ ഭാരവാഹികള്‍, യു.കെ.കെ.സി.വൈ.എല്‍., വിമണ്‍സ് ഫോറം ഭാരവാഹികള്‍, ശുഭ്രവസ്ത്രധാരികളായ നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്സ് തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അക്ഷരമാല ക്രമത്തില്‍ അണിചേരും.

യു.കെ.കെ.സി.വൈ.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയിസ്റ്റീഫന്‍ എന്നിവര്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.