യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രവാസി അല്‍മായ സംഘടനയായ യുകെകെസിഎയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള സാരഥികളെ തീരുമാനിക്കുന്നതിനുള്ള ദിവസം അടുത്ത് വരും തോറും ക്നാനായ സമുദായാംഗങ്ങള്‍ക്കിടയിലും ഇതര വിഭാഗങ്ങള്‍ക്കിടയിലും ആകാംക്ഷ വര്‍ദ്ധിക്കുകയാണ്. പതിവിനു വിപരീതമായി കടുത്ത മത്സരം അരങ്ങേറുന്നു എന്നതാണ് ഇത്തവണത്തെ യുകെകെസിഎ തെരഞ്ഞെടുപ്പില്‍ പിരിമുറുക്കം കൂട്ടുന്നത്. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന പോസ്റ്റുകളില്‍ രണ്ട് സ്ഥാനങ്ങളിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുപ്പ് ആയിരുന്നു നടന്നത്. സെക്രട്ടറിയായി ജോസി ജോസും വൈസ് പ്രസിഡണ്ടായി ജോസ് മുഖച്ചിറയുമാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബിജു മടുക്കക്കുഴിയും സ്വിന്‍ഡന്‍ യൂണിറ്റില്‍ നിന്നുള്ള റോയ് സ്റ്റീഫനും ആണ് മത്സരിക്കുന്നത്. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മോന്‍സി തോമസും ബാബു തോട്ടവും തമ്മിലും ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജോണ്‍ ചാക്കോയും സക്കറിയ പുത്തന്‍കളവും തമ്മിലും ആണ് മത്സരം നടക്കുന്നത്.

യുകെകെസിഎയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ വച്ച് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മീറ്റ്‌ ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം നടത്തിയത്. നിലവിലെ യുകെകെസിഎ പ്രസിഡണ്ട് ബെന്നി മാവേലില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ആശംസ നേര്‍ന്നു. തുടര്‍ന്ന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോരുത്തര്‍ക്കായി തങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരം നല്‍കുകയായിരുന്നു.

ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ശേഷമായിരുന്നു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയത്. നറുക്കെടുപ്പിലൂടെ ആദ്യം സംസാരിക്കാനുള്ള ഊഴം ലഭിച്ചത് ബിജു മടുക്കക്കുഴിയ്ക്കായിരുന്നു. ഇത്തവണത്തെ യുകെകെസിഎ ഇലക്ഷനില്‍ മത്സരിക്കുവാന്‍ ലഭിച്ച അവസരം ദൈവം നല്‍കിയ നിയോഗമായി കാണുന്നു എന്ന്‍ പറഞ്ഞ് ആരംഭിച്ച ബിജു മടുക്കക്കുഴി ‘സഭയ്ക്കൊപ്പം സമുദായത്തിനൊപ്പം വരും തലമുറയ്ക്കായി കൈ കോര്‍ക്കാം’ എന്ന ആപ്തവാക്യം അന്വര്‍ഥമാക്കുന്നതിനായിരിക്കും താന്‍ ഊന്നല്‍ കൊടുക്കുകയെന്ന് സമുദായാംഗങ്ങളെ അറിയിച്ചു.

biju

ചുരുങ്ങിയ വാക്കുകളില്‍ സമുദായത്തെ അടുത്ത രണ്ട് വര്‍ഷക്കാലം കൊണ്ട് എങ്ങനെ പുരോഗതിയിലേയ്ക്ക് നയിക്കാം എന്ന്‍ പറഞ്ഞ ബിജു യുവതലമുറയുടെ പാരമ്പര്യ തനിമയിലുള്ള വിശ്വാസ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും സൂചിപ്പിച്ചു. ക്‌നാനായ ചാപ്ലൈന്‍സി, ക്‌നാനായതല ആസ്ഥാനമന്ദിരത്തിന്റെ വിപുലീകരണം, നാഷണല്‍ റിസോഴ്‌സ് ടീമിന്റെ രൂപീകരണം, ക്‌നാനായ യുവജനങ്ങള്‍കായി പ്രീമാര്യേജ് കോഴ്‌സ്, കലാമേള, കായിക മത്സരങ്ങള്‍, കുട്ടികള്‍ക്കുവേണ്ടി കരിയര്‍ ഗൈഡന്‍സ്, ഓള്‍ യുകെ തലത്തില്‍ ബാഡ്മിന്റണ ടൂര്‍ണമെന്റ്, ക്‌നാനായ വനിതകളുടെ സംഘടനയായ വുമന്‍സ് ഫോറത്തിന്റെ സ്വയം ശാക്തീകരണം എന്നിങ്ങനെയുള്ള തന്‍റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ എണ്ണി പറഞ്ഞ ബിജു ഇവ പ്രാവര്‍ത്തികമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ് എന്നും തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

യുകെകെസിഎയുടെ അതിശക്തമായ യൂണിറ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം യൂണിറ്റില്‍നിന്നാണ് ശ്രീ ബിജു മടുക്കക്കുഴി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി യുകെയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ബിജു നാഷണല്‍ തലത്തിലും യൂണിറ്റ് തലത്തിലും യുകെകെസിഎയുടെ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. മികച്ച സംഘാടകനായ ബിജു നിരവധി പ്രസംഗ മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്. ബര്‍മിംഗ്ഹാമിലെ വാല്‍സാള്‍ നിവാസിയാണ്.

വ്യത്യസ്തമായ പ്രവര്‍ത്തനശൈലികൊണ്ട് ശ്രദ്ധേയനാവുന്ന ബിജു മിഡ്‌ലാന്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെകെസിഎ ബര്‍മിംഗ്ഹാം യൂണിറ്റിന്‍റെ ഭാരവാഹിയായും യുകെകെസിഎ ജോയിന്‍റ് സെക്രട്ടറിയായും യകെകെസിഎ അഡൈ്വസറായും ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുമുണ്ട്.  ബിജു യുകെകെസിവൈഎല്‍ ബിര്‍മിംഗ്ഹാം യൂണിറ്റിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്താണ് ബിര്‍മിംഗ്ഹാം യുകെകെസിവൈഎല്ലിന് ശക്തമായ അടിത്തറയണ്ടാവുന്നതും മുഴുവന്‍ യുവജനങ്ങളെയും യൂണിറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതും.

കടുത്തുരുത്തി ഫൊറോനായിലെ പൂഴിക്കോല്‍ സെന്റ് ലൂക്ക്‌സ് പള്ളി ഇടവകാംഗമാണ് ബിജു. കല്ലറ പഴയപള്ളി ഇടവകാംഗമായ ആശാമോള്‍ ആണ് ഭാര്യ. ഓസ്‌വിന്‍, ആല്‍ബിയ, ജോയന്ന എന്നിവര്‍ മക്കളുമാണ്.

candidates

കഴിഞ്ഞ രണ്ടുവര്‍ഷക്കാലം യുകെകെസിഎയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം ആയി കാണുന്ന താന്‍ വീണ്ടും ഒരു രണ്ട് വര്‍ഷം കൂടി നേതൃസ്ഥാനത്ത് തുടരുവാനുള്ള സമുദായാംഗങ്ങളുടെ അംഗീകാരമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് തുടങ്ങിയ റോയ് സ്റ്റീഫന്‍ സംഘടനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് തനിക്ക് സഹായകമാകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും യുകെകെസിഎയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കാവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നും അറിയിച്ചു. ലോങ്ങ്‌ ടേം മിഷന്‍, ഷോര്‍ട്ട് ടേം മിഷന്‍ എന്നിങ്ങനെ രണ്ട് തരം ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി താന്‍ തയ്യാറാക്കിയ പ്രകടന പത്രിക വിലയിരുത്തി തന്നെ പിന്തുണയ്ക്കണം എന്ന്‍ റോയ് സ്റ്റീഫന്‍ അഭ്യര്‍ഥിച്ചു.

roy stephan

സ്വിണ്ടനിലെ മലയാളി അസോസിയേഷന്റെയും സീറോ മലബാര്‍ സഭയുടെയും പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു റോയി സ്റ്റീഫന്‍. വില്‍ഷയര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി നാലുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള റോയി തന്റെ ഭരണസമയത്ത് ഈ അസോസിയേഷന്‍ ചാരിറ്റിയായി രജിസ്റ്റര്‍ചെയ്യുകയും കൗണ്‍സിലില്‍നിന്ന് നിരവധി ധനസഹായം നേടിയെടുത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

സ്വിണ്ടനിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്ററായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള റോയി ഈ കാലയളവില്‍ കുട്ടികള്‍ക്ക് വേദപാഠം ക്ലാസുകള്‍ ആരംഭിക്കുകയും വേദപാഠം അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. റോയി സ്റ്റീഫന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ആദരിച്ച് സ്വിണ്ടന്‍ ബറോ കൗണ്‍സില്‍ 2015ല്‍ അദ്ദേഹത്തിന് പ്രൈഡ് ഓഫ് സ്വിണ്ടന്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. എല്ലാ മൂന്നുമാസവും പുറത്തിറങ്ങുന്ന യുകെകെസിഎ ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്ററായ റോയി ഇതിന്റെ പ്രചാരണാര്‍ഥം ബിഗ് ലോട്ടറി ഫണ്ടിന്റെ സഹായത്തോടെ യൂണിറ്റുകള്‍ സന്ദര്‍ശിച്ച് പരിശീലനക്കളരികള്‍ സംഘടിപ്പിച്ചിരുന്നു.

ന്യൂസ് ലെറ്ററുകള്‍ തപാല്‍ മാര്‍ഗം എല്ലാ വീടുകളിലുമെത്തിക്കുക, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സമുദായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വാര്‍ഷിക ചെലവ് മുപ്പതു ശതമാനം വരും വര്‍ഷങ്ങളിലേക്ക് സേവ് ചെയ്യുക, ക്‌നാനായ മിഷന്‍ ആരംഭിക്കുക, കുടുംബങ്ങളിലെ കെട്ടുറപ്പ് ഭദ്രമാക്കുന്നതിനായി ക്ലാസുകള്‍ സംഘടിപ്പിക്കുക, ആസ്ഥാന മന്ദിരത്തില്‍ എല്ലാ മാസവും മലയാളം കുര്‍ബാന നടത്താന്‍ സംവിധാനമൊരുക്കുക, ആസ്ഥാനമന്ദിരത്തിന്റെ ഹാളുകള്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമൊരുക്കുക, ആസ്ഥാനമന്ദിരം വിപുലീകരിക്കുക, കണ്‍വന്‍ഷനോടനുബന്ധിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വുമണ്‍സ് ഫോറവും യുകെകെസിവൈഎല്ലും ശക്തിപ്പെടുത്തുക, എല്ലാ വര്‍ഷവും ഓള്‍ യുകെ തലത്തില്‍ ഉപന്യാസ രചനാ മത്സരങ്ങള്‍ നടത്തുക എന്നിവയാണ് റോയി സ്റ്റീഫന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.

കിടങ്ങൂര്‍ സെന്റ് മേരീസ് ഇടവകാംഗമാണ് റോയി. പുന്നത്തുറ ഇടവകാംഗമായ ലിസി ഭാര്യയും സ്റ്റീഫന്‍, സ്‌റ്റെന്‍സി എന്നിവര്‍ മക്കളുമാണ്.

എല്ലാം കൊണ്ടും മികച്ച സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരം നടക്കുന്നതിനാല്‍ സമുദായാംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു തെരഞ്ഞെടുപ്പ് സാദ്ധ്യമല്ല എന്ന്‍ തന്നെ പറയാം. സ്ഥാനാര്‍ഥികളുടെ വ്യക്തി ഗത മിടുക്കുകളെക്കാളുപരി സമുദായത്തിലെ ആത്മീയ നേതൃത്വത്തിന്‍റെ പിന്തുണയും സ്ഥാനാര്‍ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സമ്മതിയും ഒക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നും കരുതപ്പെടുന്നു.

മീറ്റ്‌ ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമിന്‍റെ വീഡിയോ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുക