യുകെകെസിഎ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഒരു ദിവസം മാത്രം മുന്നില്‍ നില്‍ക്കെ കടുത്ത പ്രചാരണം ആണ് ക്നാനായ സമുദായാംഗങ്ങള്‍ക്കിടയില്‍ നടക്കുന്നത്. ഓരോ യൂണിറ്റില്‍ നിന്നും രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളുവെങ്കിലും മിക്കവരും തന്നെ തങ്ങള്‍ക്ക് താത്പര്യമുള്ള സ്ഥാനാര്‍ഥികളുടെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം വരെ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്നു പോയ തെരഞ്ഞെടുപ്പ് പ്രചാരണം എന്നാല്‍ അതിന് ശേഷം അല്‍പ്പം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ആണ് മുന്‍പോട്ട് പോകുന്നത്.
മീറ്റ്‌ ദി കാന്‍ഡിഡേറ്റ് പരിപാടിയുടെ പൂര്‍ണ്ണമായ വീഡിയോ അപ്ലോഡ് ചെയ്യാത്തതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ സ്ഥാനാര്‍ഥികളോട് സമുദായാംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ ഭാഗം എഡിറ്റ്‌ ചെയ്ത് നീക്കിയ ശേഷമുള്ള വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇത് ചോദ്യോത്തര വേളയില്‍ മോശം പ്രകടനം കാഴ്ച വച്ച സ്ഥാനാര്‍ഥിയെ സഹായിക്കാന്‍ ആണ് എന്ന്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍ ഇതര സമുദായങ്ങളുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്ന ചില പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് ഈ ഭാഗം പുറത്ത് വിടാത്തത് എന്നും സമുദായാംഗങ്ങള്‍ക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടക്കുന്ന നാളെ പത്ത് മണിക്ക് ഈ ഭാഗം പ്രദര്‍ശിപ്പിക്കും എന്നും നിലവിലെ പ്രസിഡണ്ട് ബെന്നി മാവേലി അറിയിച്ചതോടെ താത്ക്കാലികമായി ഈ പ്രശ്നം തീര്‍ന്നിരിക്കുകയാണ്.

2016 – 2018 കാലയളവിലേയ്ക്കുള്ള യുകെകെസിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് നാളെ വൂള്‍വര്‍ഹാംപ്റ്റണിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കുന്നത്. പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ഒന്നിലേറെ പത്രികകള്‍ ലഭിക്കാത്തതു കൊണ്ട് ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ (ബ്രിസ്റ്റോള്‍ യൂണിറ്റ്), ജോസ് മുഖച്ചിറയില്‍ (ഷെഫീല്‍ഡ് യൂണിറ്റ്), ഫിനില്‍ കളത്തി കോട്ടില്‍ (നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ഈ സീറ്റുകളുടെ കാര്യത്തില്‍ അവശേഷിക്കുന്നുള്ളൂ.

k1

പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ആണ് ഏറ്റവും വാശിയേറിയ പ്രചാരണം ദൃശ്യമായിരിക്കുന്നത്. ബര്‍മിംഗ്ഹാം യുണിറ്റില്‍ നിന്നുള്ള ശ്രീ ബിജു മടക്കക്കുഴിയും സ്വിന്‍ഡന്‍ യൂണിറ്റില്‍ നിന്നുമുള്ള ശ്രീറോയി കുന്നേലും തമ്മിലാണ് മത്സരം. മികച്ച സംഘാടകനും തികഞ്ഞ സമുദായ സ്‌നേഹിയുമായ ബിജു മടക്കക്കുഴിക്ക് നിലവിലെ സെക്രട്ടറിയും നേതൃത്വ ശേഷിയുമുള്ള റോയി കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളി ഉയര്‍ത്തുന്നു. ആര്‍ക്കാണ്‌ സമുദായത്തോട് കൂടുതല്‍ സ്നേഹം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന്‍ കേള്‍ക്കുന്നത്. സമുദായത്തിന്‍റെ അതിപ്രധാനമായ ചടങ്ങുകള്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാതെ സ്വകാര്യ വ്യക്തി നടത്തിയ അവാര്‍ഡ് നിശയില്‍ പങ്കെടുത്തു, ഭരണ സമിതിയുടെ കൂട്ടുത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ ആരോപണങ്ങള്‍ ഒരു സ്ഥാനാര്‍ഥിക്കെതിരെ മറുവിഭാഗം ഉയര്‍ത്തുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കരുതപ്പെടുന്നു. പൂഴിക്കോല്‍ ഇടവകാംഗമായ ബിജു മടക്കക്കുഴിയും കിടങ്ങൂര്‍ ഇടവകാംഗമായ റോയി കുന്നേലും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നറിയാന്‍ ഔദ്യോഗിക പ്രഖ്യാപനം വരെ എന്നറിയാന്‍ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്.

k2

ട്രഷറര്‍ സ്ഥാനത്തേയ്ക്ക് നീണ്ടൂര്‍ ഇടവകാംഗമായ ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബാബു തോട്ടവും പുനലൂര്‍ ഇടവകാംഗമായ കവന്‍ട്രി & വാര്‍വിക്ഷയര്‍ യൂണിറ്റില്‍ നിന്നുള്ള മോന്‍സി തോമസും തമ്മിലാണ് മത്സരം.യുകെകെസിഎ യൂണിറ്റ് തലം മുതല്‍ ദേശീയ തലം വരെ പല സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ഇരുവരും സംഘടനയുടെ സാമ്പത്തിക കെട്ടുറപ്പ് സുരക്ഷിതമാക്കും എന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് .

k3

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലീഡ്‌സ് യൂണിറ്റില്‍ നിന്നുള്ള മികച്ച സംഘാടകനും പത്രപ്രവര്‍ത്തകനും കുമരകം വള്ളാറ പുത്തന്‍ പള്ളി ഇടവകാംഗവുമായ സക്കറിയ പുത്തന്‍ കളവും ബ്ലാക്പൂള്‍ യൂണിറ്റില്‍ നിന്നുള്ള പുന്നത്തറ പള്ളി ഇടവകാംഗമായ ജോണ്‍ ചാക്കോയും തമ്മിലാണ് മല്‍സരം. സെക്രട്ടറിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി സംഘടനയെ വളര്‍ച്ചയിലേക്ക് നയിക്കും എന്നതാണ് ഇരുവരുടെയും പ്രധാന വാഗ്ദാനം. യൂണിറ്റ് തലത്തിലും റീജിയണ്‍ തലത്തിലും ഇരുവരും നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച് കഴിവ് തെളിയിച്ചവരാണ്.

ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇ മെയില്‍ മുതലായ സാമൂഹിക മാധ്യമങ്ങളാണ് എല്ലാ സ്ഥാനാര്‍ത്ഥികളും പരസ്യപ്രചാരണത്തിനായി കൂടുതലും ഉപയോഗിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഫോണ്‍ മുഖേന നിരന്തരം എല്ലാ യൂണിറ്റ് ഭാരവാഹികളെ വിളിച്ചു കൊണ്ടും സുഹൃദ് ബന്ധങ്ങളും കുടുംബബന്ധങ്ങളും ഉപയോഗപ്പെടുത്തിയും വന്‍ പ്രചാരണ വേലയാണ് എല്ലാവരും നടത്തിയത്. വിവാദങ്ങളും മറ്റ്  പ്രചാരണങ്ങളും അരങ്ങ് തകര്‍ക്കുമ്പോഴും  കെ കെ സി എ യുടെ 50 യൂണിറ്റുകളില്‍ നിന്നുമുള്ള പ്രധാന ഭാരവാഹികള്‍ മാത്രം വോട്ടര്‍മാരായി മാറുമ്പോള്‍ പ്രവചനം അസാധ്യമാണ്.