സണ്ണി ജോസഫ് രാഗമാലിക

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യു.കെ.കെ.സി.എ അതിന്റെ നാലാമത് കലാമേള മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് തയ്യാറെടുക്കുകയാണ്. രണ്ടു വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടത്തപ്പെടുന്ന ഇത്തരം കലാമാമാങ്കങ്ങളെ യു.കെയിലെ ക്‌നാനായ സമൂഹം വളരെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ കമ്മറ്റിയുടെ പ്രവര്‍ത്തങ്ങള്‍ പരിശോധിച്ചാല്‍ നടത്തപ്പെട്ട പരിപാടികളെല്ലാം അപൂര്‍വ്വതകള്‍കൊണ്ട് ചരിത്രമാകുന്ന കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ ഏവരും നാളത്തെ കലാമഹോത്സവത്തെ പ്രത്യേക താല്‍പ്പര്യത്തോടെയാണ് കാത്തിരിക്കുന്നത്.

യു.കെ.കെ.സി.എയുടെ ശക്തി ശ്രോതസുകളായ 51 യൂണിറ്റുകളെ മത്സരത്തിനിറക്കുമ്പോള്‍ കലാതിലകത്തിനും കലാപ്രതിഭയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന് മൂര്‍ച്ഛയേറും. ആറ് വേദികളായി ഒരേസമയം പുരോഗമിക്കുന്ന മത്സരയിനങ്ങള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഗ്ലോസ്റ്ററിലെ CRYPT സ്‌കൂളാണ്. വിശാലമായ സ്‌കൂള്‍ ഓഡിറ്റോറിങ്ങളും അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് ഏരിയയും കലാവിസ്മയത്തിന് ചാരുതയേകും. നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരയിനങ്ങള്‍ ഇടവേളകളില്ലാതെയാണ് നടത്തപ്പെടുന്നത്. ഏകദേശം 7 മണിയോടെ സമാപിക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഈ ദൃശ്യവിരുന്ന് സമാപിക്കുന്നത് പുതിയ കലാതിലകത്തിന്റെയും കലാപ്രതിഭയുടെയും പിറവിയോടെയായിരിക്കും. ഗതകാല സൗഭാഗ്യങ്ങളുടെ ഇണര്‍ത്തു പാട്ടിന്‍ ഈരടികള്‍ കലയിലേക്ക് ആവാഹിച്ചുകൊണ്ട് യൂണിറ്റുകള്‍ തങ്ങളുടെ തയ്യാറെടുപ്പുകള്‍ ഇന്ന് അവസാനിപ്പിക്കുന്നത് നാളെയെന്ന ഒറ്റ ദിവസത്തെ വാരിപ്പുണരുവാനാണ്.