ഓള്‍ഡാം മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ വേളയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ചാരിറ്റി പദ്ധതി റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ആദ്യ ചാരിറ്റി കളക്ഷന്‍ ബോക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍ രൂകല്‍പന ചെയ്ത യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ചാരിറ്റി പദ്ധതിയുടെ ലോഗോ ചടങ്ങില്‍ റീജിയണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസും അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജും ചേര്‍ന്ന് പ്രകാശനം ചെയ്തു. തുടര്‍ന്ന് ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിയില്‍ നിന്ന് ചാരിറ്റി കളക്ഷന്‍ ബോക്‌സ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ചാരിറ്റി വളണ്ടിയര്‍ യൂത്ത് ടീം ലീഡര്‍ അഭിഷേക് ഷാജി ഏറ്റുവാങ്ങി. റീജിയണല്‍ ട്രഷറര്‍ ലൈജു മാനുവലും ചടങ്ങില്‍ സന്നിഹിതനായിരുന്നു
ഇതോടൊപ്പം ഓള്‍ഡാം മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിയുടെ അധ്യക്ഷതയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റീജിയണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസും റീജിയണല്‍ ട്രഷറര്‍ ലൈജു മാനുവലും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജ് നന്ദി പ്രകാശനവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ക്രിസ്മസ് ന്യൂ ഇയര്‍ ഭക്ഷണമാണ് അസോസിയേഷന്‍ നേതൃത്വമൊരുക്കിയത്.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനോടോപ്പം തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആണ് ഈ ചാരിറ്റി കളക്ഷന്‍ ബോക്‌സുകള്‍ വാങ്ങി നല്‍കുന്നത്. അവരും യുക്മയോടൊപ്പം ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളായി യുകെ മലയാളികള്‍ക്ക് മാതൃകയാവുകയാണ്. ഈ സാന്ത്വന നിധി പൂര്‍ണ്ണമായും പണമില്ലാതെ കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക് മാത്രമായിരിക്കും.

കേരളത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ക്യാന്‍സര്‍ ഹൃദയ സംബന്ധ രോഗങ്ങള്‍, കരള്‍, വൃക്ക, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങി കൂടുതല്‍ പണ ചിലവുള്ള രോഗങ്ങള്‍ക്ക് ചികില്‍സ ലഭിക്കാതെ ജീവനുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഒരു ചെറിയ കൈത്താങ്ങ് ആകുവാനാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ എല്ലാവരുടെയും സഹായത്തോടെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നമ്മള്‍ എത്ര കൊടുത്തുവെന്നല്ല എന്ത് കൊടുത്തുവെന്നതാണ് പ്രധാനം അതിനായി നമ്മുടെ പോക്കറ്റില്‍ നിന്നും നിലത്ത് വീഴുന്നതും കുട്ടികള്‍ തട്ടി കളിക്കുന്നതുമായ 1 ഉം 2 ഉം പെന്‍സുകളാണ് ഈ സാന്ത്വന ബോക്‌സില്‍ പ്രതീക്ഷിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് എടുത്ത് പറഞ്ഞു.

”സാന്ത്വനം” എന്നാണ് ഈ ചാരിറ്റി പ്രവര്‍ത്തനം അറിയപ്പെടുക.”ഓരോ പെന്‍സും വിലപ്പെട്ട ജീവനാകും” എന്ന മുദ്രാവാക്യമാണ് ഈ സാന്ത്വനമെന്ന ചാരിറ്റി പ്രവര്‍ത്തനം മുന്നോട്ട് വയ്ക്കുന്നത്. 1 ഉം 2 ഉം പെന്‍സുകള്‍ നമ്മള്‍ കുട്ടികളുടെ കൈകളില്‍ കൊടുത്ത് അവരെക്കൊണ്ട് വീട്ടില്‍ സൂക്ഷിക്കുന്ന ചാരിറ്റി കളക്ഷന്‍ ബോക്‌സില്‍ നിക്ഷേപിപ്പിക്കുക. അങ്ങനെ അവരെയും ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുക. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരു വലിയ സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാം. ഇതിലൂടെ ചാരിറ്റിയുടെ ഒരു വലിയ സന്ദേശം യുകെയിലെ മലയാളികള്‍ക്കിടയിലും കേരള ജനതയ്ക്കും നല്‍കാനാകും.

ആദ്യ ഘട്ടത്തില്‍ നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും തുടര്‍ന്ന് യുകെയില്‍ മുഴുവന്‍ ഈ സാന്ത്വനത്തിന്റെ സന്ദേശം എത്തിക്കാനാണ് നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തന രീതി

6 മാസത്തിലൊരിക്കലായിരിക്കും ഇതിന്റ കളക്ഷന്‍ നടത്തുക. എല്ലാ അസോസിയേഷന്റെയും സഹായ സഹകരണത്തോടെയായിരിക്കും ഇത് നടപ്പിലാക്കുക. ആരെയും നിര്‍ബന്ധിക്കില്ല. കുടുംബനാഥന്റെ മുന്നില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തിയ തുക അസോസിയേഷന്‍ വഴിയായിരിക്കും സ്വികരിക്കുക. കേരളത്തിലെ 14 ജില്ലകളില്‍ ഉള്ളവര്‍ക്ക് തുല്യമായി ഈ തുക നല്‍കുന്നതായിരിക്കും. ഇതില്‍ അംഗങ്ങളാകുന്ന ആര്‍ക്കും സ്വാന്തന നിധിക്കായി അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം രോഗിയുടെയോ ഉത്തരവാദിത്വപ്പെട്ടവരുടെയോ അപേക്ഷ, ഡോക്ടറുടെ സാക്ഷ്യപത്രം, രണ്ട് അയല്‍വാസികളുടെ സാക്ഷ്യപത്രം, കൂടാതെ ഏതെങ്കിലും ജനപ്രതിനിധിയുടെ സാക്ഷ്യപത്രം.

അര്‍ഹതയുള്ളവര്‍ക്ക് കൃത്യമായി ലഭിക്കാനാണ് ഈ നിബന്ധനകള്‍ വയ്ക്കുന്നത. പണം കൊടുത്തു കഴിഞ്ഞാല്‍ അപേക്ഷ നല്‍കിയ ആള്‍ തന്നെ അവരില്‍ നിന്നും പണം ലഭിച്ചെന്നുള്ള സാക്ഷ്യപത്രവും നല്‍കേണ്ടതാണ്. രോഗിയോ മാതാപിതാക്കളോ മക്കളോ 5000 രൂപയില്‍ അധികമുള്ള സ്ഥിരവരുമാനക്കാര്‍ ആയിരിക്കരുത്. 10 സെന്ററില്‍ കൂടുതല്‍ സ്വത്തുണ്ടാകാന്‍ പാടില്ല. വലിയ ധന സഹായം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ ആയിരിക്കരുത്. മേല്‍പ്പറഞ്ഞ അസുഖങ്ങളാല്‍ കഷ്ടതയനുഭവിക്കുന്നവരായിക്കണം. ഇത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ അപ്പീല്‍ സമിതിയാകും പരിശോധിക്കുക. അപേക്ഷിക്കുന്ന രോഗികളുടെ വിവരങ്ങളും തുകയും പത്രങ്ങളിലൂടെ പൊതു ജനത്തെ അറിയിക്കുന്നതായിരിക്കും. അഭിപ്രായങ്ങള്‍ പൊതുജനത്തിനും അറിയിക്കാം.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തകരും അസോസിയേഷന്‍ അംഗങ്ങളും ചാരിറ്റി പ്രവര്‍ത്തനത്തിന് താത്പര്യമുള്ള കുട്ടികള്‍ യുവതി യുവാക്കള്‍ അടങ്ങുന്നവരുടെ ഒരു ചാരിറ്റി ടീം ആയിരിക്കും നിങ്ങളെ ചാരിറ്റി കളക്ഷന്‍ ബോക്‌സുമായി സമീപിക്കുക.കുട്ടികളിലെ ദാനശീലവും ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ അഭിരുചിയും വളര്‍ത്തിയെടുക്കുക അതിലൂടെ സാമുഹിക പ്രബുദ്ധതയുള്ള ഒരു പുതു തലമുറയെയും വാര്‍ത്തെടുക്കുക എന്നതാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ഇതിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. യുകെയില്‍ മുഴുവന്‍ ഈ സ്വാന്തന സന്ദേശം എത്തിക്കുന്നതിനായി നല്ലവരായ മലയാളികള്‍ കടന്നു വരണമെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ അഭ്യര്‍തിക്കുകയാണ്. നമ്മുടെ വലിയ പൗണ്ടുകള്‍ അല്ല പെന്‍സുകള്‍ ആണ് കഷ്ടതയനുഭവിക്കുന്നവര്‍ക്കാവശ്യം. വിധവയുടെ കൊച്ച് കാണിക്കപോലെ ചെറിയ ചെറിയ നാണയങ്ങള്‍ നിക്ഷേപിച്ച് ഈ സാന്ത്വന നിധിയില്‍ ഭാഗമാകാം.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ സാന്ത്വനം
”ഓരോ പെന്‍സും വിലപ്പെട്ട ജീവനാകും”

 

ukma-1

ukma-2

ukma-3

ukma-4

ukma-5