ലണ്ടന്‍: മെഷീന്‍ ഇക്കോണമിയുടെ വളര്‍ച്ച യുകെയില്‍ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നുണ്ടെന്ന് തിങ്ക്ടാങ്ക് ഐപിപിആര്‍. 290 ബില്യന്‍ പൗണ്ടോളം വരുന്ന തുക ശമ്പളമായി നല്‍കേണ്ടി വരുന്ന ജോലികളാണ് ഓട്ടോമേഷനിലൂടെ ഇല്ലാതാകുന്നത്. യുകെയിലെ മൊത്തം വാര്‍ഷിക ശമ്പളം കണക്കുകൂട്ടുന്നതില്‍ മൂന്നിലൊന്ന് ഓട്ടോമേഷനിലൂടെ ഇല്ലാതാകുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജോലികള്‍ മിക്കവയും അനിശ്ചിതാവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കും ധനികര്‍ക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐപിപിആര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള പ്രമുഖ്യ വ്യക്തിത്വങ്ങള്‍ അടങ്ങുന്ന ഐപിപിആര്‍ കമ്മീഷന്‍ ഫോര്‍ ഇക്കണോമിക് ജസ്റ്റിസിന് വേണ്ടിയാണ് പഠനം നടത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായങ്ങളില്‍ റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഉപയോഗിക്കുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഓട്ടോമേഷന്റെ ഗുണഫലങ്ങള്‍ മൂലധനവും ഏറ്റവും പ്രഗത്ഭരായ ജോലിക്കാരും മാത്രമുള്ള തൊഴിലുടമകള്‍ക്ക് മാത്രമേ ലഭിക്കൂവെന്ന് ഐപിപിആറിലെ മുതിര്‍ന്ന ഗവേഷകന്‍ മാത്യു ലോറന്‍സ് പറയുന്നു.

യുകെ സാമ്പത്തിക വ്യവസ്ഥയിലെ 44 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമാകുമെന്നാണ് നിഗമനം. ഇതി 13.7 ദശലക്ഷം ആളുകള്‍ ചെയ്യുന്ന തൊഴിലുകളാണ്. ഇവര്‍ക്ക് ലഭിക്കുന്ന 290 ബില്യന്‍ പൗണ്ടാണ് വ്യവസായങ്ങള്‍ ഇതിലൂടെ ലാഭിക്കാന്‍ പോകുന്നത്. ഈ മാറ്റങ്ങള്‍ പൂര്‍ണ്ണമായും നിലവില്‍ വരാന്‍ പത്തു മുതല്‍ 20 വര്‍ഷം വരെ വേണ്ടിവരുമെന്നും പഠനം വ്യക്തമാക്കുന്നു.