60 വര്‍ഷം മുമ്പ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട യുഎന്‍ സെക്രട്ടറി ജനറലിന്റെ ദുരൂഹമരണം സംബന്ധിച്ച ഫയലുകള്‍ കൈമാറാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എംഐ 6-നുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. 1961 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായ ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ് മറ്റ് 13 പേര്‍ക്കൊപ്പം വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. വിമാനം മനപ്പൂര്‍വം ഇടിച്ചിറക്കുകയയിരുന്നു എന്ന അഭ്യൂഹമുണ്ട്.

ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘കോള്‍ഡ് കേസ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ്’ എന്ന ചലച്ചിത്രമാണ് വീണ്ടും വിഷയം ചര്‍ച്ചയാവാന്‍ കാരണം. 2019 സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി അത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ യുഎന്‍ നിയോഗിച്ച ടാന്‍സാനിയയിലെ മുന്‍ ചീഫ് ജസ്റ്റിസായ മുഹമ്മദ് ചന്ദെ ഒത്മാന്റെ ഒരു റിപ്പോര്‍ട്ടാണ് ബ്രിട്ടനുനേരെ വിരല്‍ ചൂണ്ടുന്നത്.

1961ശേഷം യുകെ, ആഫ്രിക്കയിലുടനീളം രഹസ്യാന്വേഷണ ഏജന്റുമാരെ വിന്യസിച്ചിരുന്നു. അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാനായിരുന്നു അത്. ‘ഇനിയും വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ യു.കെയുടേയും അമേരിക്കയുടേയും കൈവശം ഉണ്ടായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്’ എന്നാണ് ഒത്മാന്‍ പറഞ്ഞത്. കൂടാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ആവശ്യത്തോട് പ്രതികരിക്കാന്‍ ബ്രിട്ടണ്‍ 5 മാസമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘ ബ്രിട്ടൻ പ്രസക്തമായ വിവരങ്ങള്‍ കൈവശം വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും, അത്തരം വിവരങ്ങള്‍ എവിടെയാണ് ഉണ്ടാവുക എന്ന് ഞാന്‍ കൃത്യമായി സൂചിപ്പിച്ചിട്ടും പുതിയ രേഖകളോ മറ്റ് വിവരങ്ങളോ ലഭിച്ചില്ല. എന്റെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് മറുപടിയും ലഭിച്ചില്ല’- ഒത്മാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യുകെ, ദക്ഷിണാഫ്രിക്ക, അമേരിക്ക, റഷ്യ തുടങ്ങിയ 14 രാജ്യങ്ങളോട് അവരുടെ രഹസ്യാന്വേഷണ, സുരക്ഷാ, പ്രതിരോധ രേഖകള്‍ അവലോകനം ചെയ്യാന്‍ ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ ബ്രിട്ടണ്‍ അവലോകനം നടത്തി. ‘ഇത്തരത്തിലുള്ള സമഗ്ര അവലോകനം നടത്താന്‍ ഒരു മാസം മതിയാകുമെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന് ഒത്മാന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം.