ലണ്ടന്‍: പൗരത്വഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യു.എന്‍. ഇതിന്റെ മനുഷ്യാവകാശ തത്വങ്ങള്‍ പരിശോധിക്കുമെന്നും യു.എന്‍ വ്യക്തമാക്കി.

‘പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പാരത്വഭേദഗതി ബില്ലിനെക്കുറിച്ച് അറിഞ്ഞു. അതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം നടക്കുകയാണെന്നും അറിഞ്ഞു. ഞങ്ങള്‍ ഈ നിയമത്തിന്റെ അനന്തരഫലങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.’ യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് നേരത്തെ യു.എസും ആശങ്കയറിച്ചിരുന്നു. ബില്ലിനെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമായിരുന്നു യു.എസ് വക്താവ് അറിയിച്ചത്.

പൗരത്വ ഭേദഗതി ബില്‍ പ്രകാരം രാജ്യത്ത് അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.

പിന്നാലെ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചിരുന്നു. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണമാണ് ആബെ യാത്ര മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു.