യു‌എന്‍‌എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷായുടെ ഭാര്യയെയും പ്രതിചേര്‍ത്തു. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തി. വ്യാജരേഖ തയാറാക്കിയ മൂന്ന് സംസ്ഥാന ഭാരവാഹികളും പ്രതിപട്ടികയില്‍. സുജനപാല്‍, വിപിന്‍, മുന്‍ ഭാരവാഹി സുധീപ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. സാമ്പത്തികക്രമക്കേടില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക്ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മൂന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ക്രമക്കേടിന്റെ സൂചനകള്‍ കണ്ടതോടെ യു.എന്‍.എയുെട ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങിയിരുന്നു. ഇതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. പ്രതികള്‍ ഒളിവിലെന്ന് കോടതിയിലും അറിയിച്ചതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ്. എന്നാല്‍ പൊലീസ് ഇതുവരെ തന്നെ അന്വേഷിച്ച് വന്നിട്ടില്ലെന്നാണ് ജാസ്മിന്‍ ഷാ പറയുന്നത്.

ഖത്തറില്‍ നിന്ന് ഉടന്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്നും വിശദീകരിക്കുന്നു. അന്വേഷണം തുടങ്ങിയ ശേഷം പലതവണ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി.