യുകെ : കേരളത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയേറുന്നു. ഫുജൈറയിലുള്ള ഈ അച്ചന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നഴ്സുമാര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി വളരെ സത്യസന്ധമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം സമൂഹവും സഭയും സ്വീകരിക്കേണ്ട മാറ്റങ്ങളെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇതുപോലെയുള്ള അച്ചന്മാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.

ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു

UNA യും കത്തോലിക്ക സഭയും സോഷ്യല്‍ മീഡിയ ട്രോളെഴ്സും ഞാനും പിന്നെ നിങ്ങളും !!!!
*************************************************
കൊച്ചി: കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് ഇന്നലെ ടിവിയില്‍ കണ്ടു . നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്. കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും… അത് കണ്ടപ്പോള്‍ മാളത്തില്‍ നിന്നും പുറത്തു വന്നതല്ല. എനിക്കുമുണ്ട് ഇനി ചിലത് ചെയ്യാന്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു പ്രിയ സഹോദരീ മക്കള്‍ മാലാഖമാരെ ….

മാലാഖമാരെന്നു നമുക്കിഷ്ടമുള്ളപ്പോള്‍ അവരെ വിളിക്കുകയും അല്ലാത്തപ്പോഴൊക്കെ നാം അവരെ നമുക്ക് തോന്നിയപോലെ വിളിച്ചൂ .. ചിത്രീകരിച്ചൂ .. സാഹിത്യത്തിലും സിനിമയിലും മാധ്യമങ്ങളിലും നാം അവരെ കണ്ടതും അവരെക്കുറിച്ച് കേട്ടതില്‍ ഭൂരിഭാഗവും ഇവരുടെ ജീവിതത്തിന്റെ സേവനത്തിന്റെ മഹാനീയതയല്ല …. മറിച്ചു അതിന്റെ വളരെ അപൂര്‍വ്വമായ വീഴ്ച്ചകളെയും വിഹ്വലതകളേയും പാര്‍വ്വതീകരിക്കുന്നതാണ്. സമൂഹ മനസാക്ഷി രൂപപ്പെടുത്തുന്ന ഈ വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, കലാ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഒരു മനസാക്ഷി പരിശോധനക്ക് തയ്യാറാകണം. അല്ലാതെ ഇപ്പോള്‍ കിടന്നു സോഷ്യല്‍ മീഡിയ ട്രോളിംഗ് നടത്തുന്ന പലരും ആരെയും സഹായിക്കാനാണെന്നൊന്നും കരുതേണ്ടതില്ല.. കിട്ടിയ അവസരങ്ങളില്‍ അവര്‍ ആളാകാനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ശ്രമിക്കുന്ന കപട ബുദ്ധിജീവികളും ധാര്‍മ്മീകതയോന്നുമില്ലാത്ത ഫൈക് മീഡിയ വാരിയെഴ്സും മാത്രമാണെനും നാം തിരിച്ചറിയണം… 

നഴ്സിംഗ് പരിശീലനത്തിന്റെ പേരില്‍ അവരെ കൊള്ളയടിച്ചവരും കീശ വീര്‍പ്പിച്ചവരും. ഇപ്പോള്‍ എവിടെ?. തരംതാണ സാഹചര്യങ്ങളില്‍ അവര്‍ക്ക് TRAINING കൊടുത്ത്.. കടുത്ത സാമ്പത്തീക മാനസീക പീഡനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും അവരെ കടത്തിവിട്ടു പലപ്പോഴും മുറിവേല്പിച്ചു വേദനിപ്പിച്ചു. സേവന മേഘലകളിലേക്ക് അവരെ ഇറക്കിവിട്ടപ്പോഴും അവര്‍ക്ക് ഇക്കാലമത്രയും സഹിക്കേണ്ടി വന്നത് കണക്കെടുത്ത് തിരുത്തേണ്ടതാണ്.. ഇന്നവര്‍ ശമ്പളം പറഞ്ഞൂ ഒരു കുടക്കിഴില്‍ അണി നിരന്നപ്പോള്‍ കൂലിക്കാര്യത്തില്‍ മാത്രമല്ല ഈ നല്ല മാലാഖമാര്‍ തിരുത്ത്‌ ആവശ്യപ്പെടുന്നത് എന്ന് കൂടി നമ്മുടെ സമൂഹവും ഭരണകൂടവും ന്യായാസനങ്ങളും ഏറ്റവും കൂടുതല്‍ നഴ്സിന്ഗ് സ്ഥാപനങ്ങളും ശുശ്രൂഷാ മേഘലകളും നടത്തുന്ന ക്രൈസ്തവ സഭയും അവരുടെ ആശ്രിത സന്ന്യാസ സഭകളും ഖേദപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്… ഈ സത്യം കൂടി കണക്കിലെടുത്തില്ലെങ്കില്‍.. ശമ്പളം കൂട്ടിയാലും ഈ മേഘലയിലുള്ള പ്രശ്നങ്ങള്‍ തീരില്ല.. അവര്‍ പരിശീലിക്കപ്പെടുന്ന ഇടങ്ങളും അവരുടെ പരിശീലകരും ഇതോടുകൂടി ശുദ്ധീകരിക്കപ്പെണം …

ഈ മാലാഖമാര്‍ നമ്മുടെ മക്കളാണ്.. നമ്മുടെ സഹോദരിമാരാണ്.. ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്. ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ അവരുടെ പരിചരണം. അനുഭവിക്കുന്നവരാണ്… എപ്പോഴെങ്കിലും നമ്മള്‍ അവരെക്കുറിച്ച് ചിന്തിച്ചോ? അവര്‍ക്കും കുടുംബമുണ്ട്.. മക്കളുണ്ട്.. ശരീരമുണ്ട് വേദനയുണ്ട് രോഗങ്ങളുണ്ട് എന്നൊക്കെ! സേവനകാലം കഴിഞ്ഞു റിട്ടയര്‍ ചെയ്യുമ്പോള്‍.. അതും പലരും അകാലത്തില്‍ പാതി വഴിയില്‍ നടുവേദനക്കാരും .. വെരിക്കോസ് രോഗികളും ഗര്‍ഭാശയ സംബന്ധമായ രോഗികളും ആയാണ് ഇറങ്ങി വരാറ്. അവര്‍ക്ക് ശിഷ്ടകാലത്ത് നല്ല പരിചരണം ആവശ്യ മുണ്ട്.. അതിനു നമ്മുക്ക് രാഷ്ട്രീയ സാമൂഹ്യനീതിന്യായ ആല്മീയ പദ്ധതികളും സ്ഥാപനങ്ങളും കര്‍മ്മപരിപാടികളും വേണം …

അതുകൊണ്ട് നമുക്ക് ഇപ്പൊ കാട്ടിയ വീറും വാശിയും ട്രോളിംഗ് പോസ്റ്റ്‌ ഇട്ട വൈദീകരും ബുദ്ധിജീവികളും, വാരിയെഴ്സും സിനിമാ സാഹിത്യ മാധ്യമ ജീവനക്കാരും കലാകാരന്മാരും ഒക്കെ കാതും കണ്ണും ഹൃദയവും തുറന്നു ജാഗ്രതയോടെ തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയായില്‍ മാത്രമല്ല നമ്മുടെ പ്രസംഗ പീഠങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കലാ സാഹിത്യ കര്‍മ്മ മണ്ഡലങ്ങളിലും ഈ നല്ല മാലാഖമാര്‍ക്ക് വേണ്ടി അവര്‍ നമ്മുടെ ICU WENTILATOR കിടക്കകള്‍ക്കരികില്‍ 
കാവലിരിക്കുന്ന പോലെ കാവലിരിക്കാം … 
സുവിശേഷപ്പെട്ടി 
ജോയി അച്ഛന്‍ SDB

More news.. കേരളാ സർക്കാർ നഴ്സിന് 33,000 രൂപ തുടക്ക ശമ്പളം..  കോട്ടയം എസ്.എച്ചിൽ  6,000.. കട്ടപ്പന സെൻറ് ജോൺസിൽ 6,500.. പാലായിലെ മാലാഖാമാർക്കും ലഭിക്കുന്നത് ഇതേ ശമ്പളം.. 15 വർഷം പരിചയമുള്ളവർക്ക് 12,000.. യൂണിയൻ തുടങ്ങിയാൽ പ്രതികാരനടപടി.. നഴ്സുമാരുടെ സമരം പൊതുജനം ഏറ്റെടുക്കുന്നു.