മുന്നൊരുക്കങ്ങളിൽ കാണിച്ച അലംഭാവം കാരണം അനിശ്ചിതത്വത്തിലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഇന്ന് ഫിഫ സംഘം മാർക്കിടും. ഫിഫ അമ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലാണ് ജവഹർലാൽ സ്റ്റേഡിയവും മററ് പരിശീലന വേദികളും ഇന്ന് പരിശോധിക്കുക.

കഴിഞ്ഞ പരിശോധന സമയത്ത് വളരെ പിന്നിലായിരുന്ന സ്റ്റേഡിയത്തിന്റെ പണി വളരെയധികം മുന്നോട്ട് നീങ്ങിയിട്ടുണ്ടെന്ന് ടൂർണമെന്റിന്റെ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഫിഫ നിർദ്ദേശിച്ച മുന്നൊരുക്കങ്ങൾ 98 ശതമാനവും പൂർത്തിയാക്കാൻ സാധിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആദ്യം കാണിച്ച അലംഭാവത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയവും ഫിഫ സംഘവും കേരളത്തിലെ ഫിഫ ടൂർണമെന്റ് സമിതിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ഭാഷയിലുള്ള ഈ മുന്നറിയിപ്പിനെ തുടർന്നാണ് കേരളം വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്.

നിർമ്മാണം മെയ് 15 നകം പൂർത്തിയാക്കണമെന്ന് ഫിഫ സംഘം കേരളത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ജോലികളും കസേരകൾ ഘടിപ്പിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. അഗ്നി ശമന സംവിധാനങ്ങൾ ഘടിപ്പിക്കുന്നതും വൈദ്യുതി ജോലികളും പൂർത്തീകരിച്ചതായാണ് വിവരം.

താരങ്ങളുടെ മുറിക്കകത്തുള്ള ചെറിയ ജോലികൾ പ6ൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ ഫിഫ സംഘം സംതൃപ്തി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കൊൽക്കത്തയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് ആദ്യ ഘട്ടത്തിൽ നീക്കിവച്ച എല്ലാ ടിക്കറ്റുകളും ചൊവ്വാഴ്ച രാത്രി വിൽപ്പന ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. മറ്റ് അഞ്ച് വേദികളിൽ മന്ദഗതിയിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്.

ടൂർണമെന്റിനുള്ള സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യ ഫ്രാൻസ് ക്ലബ് സെന്റ് ലിയുവിനോട് സമനി വഴങ്ങി. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരത്തിന്റെ 58ാം മിനിറ്റിൽ റെമി യിലൂടെ മുന്നിലെത്തിയ ഫ്രഞ്ച് ടീമിനെ 72ാം മിനിറ്റിൽ നേടിയ കോമളാണ് പിടിച്ചുകെട്ടിയത്.