അതീവ പ്രശ്‌നക്കാരായ അഞ്ച് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഡൂണ്‍ സ്‌കൂളിലയച്ച് ചാനല്‍ 4ന്റെ സോഷ്യല്‍ എക്‌സ്പിരിമെന്റ്. വൈറ്റ്, വര്‍ക്കിംഗ്ക്ലാസ് പശ്ചാത്തലത്തില്‍ നിന്നുള്ള പഠനത്തില്‍ ഏറെ മോശവും അങ്ങേയറ്റം ഉഴപ്പന്‍മാരുമായ അഞ്ച് വിദ്യാര്‍ത്ഥികളെ ഡൂണ്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാറ്റിമറിക്കുമോ എന്ന പരീക്ഷണമാണ് ചാനല്‍ 4 ഡോക്യുമെന്ററിക്കായി നടത്തിയത്. മൂന്ന് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഇവരുടെ മാറ്റങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഇന്ത്യന്‍ ഡൂണ്‍ സ്‌കൂളുകളിലെ പഴയ മട്ടിലുള്ള വിദ്യാഭ്യാസ രീതിയും കടുത്ത അച്ചടക്കവും ഇവരെ വലിയ തോതില്‍ മാറ്റിയെന്നാണ് വിവരം. ഈ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും.

മെരുങ്ങുന്നതിനു മുമ്പായുള്ള വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷങ്ങളും പെരുമാറ്റവും എല്ലാം ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. പലപ്പോഴും അധികൃതരുമായി ഇവര്‍ സംഘര്‍ഷത്തിലാകുന്നുമുണ്ട്. അഞ്ച് പേരും കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയില്‍ തോറ്റവരാണ്. അതുകൊണ്ടുതന്നെ ഇവരെ മാറ്റിയെടുക്കുകയെന്നത് അസാധ്യ കാര്യമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഇവരില്‍ രണ്ടുപേര്‍ ഇനി പഠിക്കാനില്ലെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. ആത്മവിശ്വാസമില്ലായ്മയായിരുന്നു ഇവരുടെ പ്രധാന പ്രശ്‌നം. ആദ്യ എപ്പിസോഡില്‍ ഇവരുടെ വിമത സ്വഭാവവും പശ്ചാത്തലവും മറ്റുമായിരിക്കും പരിചയപ്പെടുത്തുക.

ബ്രൈറ്റണില്‍ നിന്നുള്ള ജെയ്ക്ക് (18), സൗത്ത് വെയില്‍സ് സ്വദേശിയായ ഈതാന്‍ (17), ബ്ലാക്ക്പൂള്‍ സ്വദേശി ഹാരി (18), ചെംസ്‌ഫോര്‍ഡ് സ്വദേശി ആല്‍ഫി (17), ഹള്‍ സ്വദേശി ജാക്ക് (18) എന്നിവരെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത്. ഇവര്‍ക്ക് കണ്‍വെന്‍ഷണല്‍ സ്‌കൂളിംഗ് ആദ്യം ബുദ്ധിമുട്ടുള്ളതായി തോന്നിയെങ്കിലും പിന്നീട് അതിന്റെ ഭാഗമായി മാറിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആറ് മാസത്തിനുള്ളില്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ ഇവരിലുണ്ടായി. ബ്രിട്ടീഷ് പബ്ലിക് സ്‌കൂളുകളുടെ മാതൃകയിലാണ് ഡൂണ്‍ സ്‌കൂളുകള്‍ അധ്യയനം നടത്തുന്നത്.

30 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് അഞ്ചുപേരെ തിരഞ്ഞെടുത്തത്. ബ്രിട്ടനില്‍ നിന്ന് 4000 മൈല്‍ ഇപ്പുറത്ത് ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലകള്‍ക്കിടയിലുള്ള സ്‌കൂളിലാണ് ഇവര്‍ക്ക് പ്രവേശനം നല്‍കിയത്. വര്‍ഷം 12,000 പൗണ്ടാണ് ഇവിടെ നല്‍കേണ്ടി വന്ന ഫീസ്. 12നും 18നുമിടയില്‍ പ്രായമുള്ള 500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു ഇവര്‍ക്ക് പഠിക്കേണ്ടി വന്നത്.