ഓരോ വര്‍ഷവും പുതിയ ഇരകളെ കണ്ടെത്തുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പീഡനവീരന്‍മാര്‍ യൂണിവേഴ്‌സിറ്റികളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തല്‍. 1752 ഗ്രൂപ്പ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പും പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. വിദ്യാര്‍ത്ഥികളുമായോ കീഴ്ജീവനക്കാരുമായോ ആശ്വാസ്യകരമല്ലാത്ത ബന്ധം പുലര്‍ത്തുന്ന ജീവനക്കാരില്‍ പലരും അതു കൂടാതെ മറ്റു ബന്ധങ്ങളും കൊണ്ടുനടക്കുന്നുണ്ടെന്നാണ് വ്യക്തമായത്. ജീവനക്കാരില്‍ നിന്ന് ഒരേ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും എത്തുന്ന വിദ്യാര്‍ത്ഥികളെ ഗ്രൂം ചെയ്യുകയും ഡേറ്റ് ചെയ്യുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെയാണ് ഇവര്‍ ചെയ്തു വരുന്നത്. താരതമ്യേന ജൂനിയറായ ജീവനക്കാര്‍ക്കും ഇത്തരക്കാരില്‍ നിന്ന് ശല്യം നേരിടേണ്ടി വരാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ജീവനക്കാരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുള്ള 16 സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇവര്‍ക്ക് മോശം അനുഭവമുണ്ടായ ജീവനക്കാരില്‍ നിന്ന് അതേ അനുഭവം നേരിട്ട മറ്റൊരു സ്ത്രീയെ അറിയാമെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 പേരും പറഞ്ഞു. 14 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

ഇവര്‍ ചൂണ്ടിക്കാട്ടിയ ജീവനക്കാരില്‍ ഈ കുറ്റകൃത്യത്തിന്റെ പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്. ഇരയാക്കപ്പെട്ടവരില്‍ ആറു പേര്‍ തങ്ങള്‍ നേരിട്ട അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെട്ടതായും വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി ഇരകളെ വല വീശിപ്പിടിക്കുകയാണ് മിക്കവരും ചെയ്യുന്നത്. പിന്നീട് ലൈംഗികാതിക്രമങ്ങളും ഭീഷണിയും മറ്റും തുടങ്ങും. ബന്ധത്തില്‍ നിന്നു പിന്‍മാറാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ഭീഷണിയും പരസ്യമായ ശകാരങ്ങളുമുള്‍പ്പെടെയാണ് ഇവര്‍ പ്രയോഗിക്കുന്നത്. ഇരയാക്കാപ്പെട്ട പലരും ആത്മഹത്യക്കു ശ്രമിക്കുകയോ കരിയര്‍ നശിക്കുകയോ പഠനമുപേക്ഷിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് അടിമകളായി കഴിയുന്നവരും ഇവരിലുണ്ടെന്ന് പഠനം കണ്ടെത്തി.