കാലവര്‍ഷം രൂക്ഷമായതോടെ കോഴിക്കോട് കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. ഒരു വയസുകാരിയായ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകളാണ് റിഫ. കാണാതായവര്‍ക്ക് വേണ്ടി ഇന്നലെ നിര്‍ത്തിവച്ച തിരച്ചില്‍ ആരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് കുട്ടികള്‍ അടക്കം ഏഴ് പേര്‍ മരണമടയുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ചിരുന്നു. മലപ്പുറം കോട്ടയം ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരണമടഞ്ഞു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്.

പെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പുകൾ അണിയാൻ ഇനി സഹോദരങ്ങളായ ദില്‍നയും ഷഹബാസുമില്ല. പെരുന്നാളാഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയിൽ വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു.കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ശമ്മാസ് തന്റെ സഹോദരി ദില്‍നയുടെയും ഷഹബാസിന്റെയും ചേതനയറ്റ ശരീരം കാണാനെത്തിയപ്പോഴുള്ള നിമിഷം കണ്ടുനിന്നവരുടെ കണ്ണു നിറയിച്ചു. ഉരുൾപൊട്ടലിൽ പരുക്കേറ്റ ശമ്മാസ് സഹോദരങ്ങളുടെ ചേതനയറ്റ ശരീരം കണ്ട് ബന്ധുക്കളുടെ കൈകളിലിരുന്നു പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ കണ്ണുകളെയും അത് ഈറനണിയിച്ചു.ശമ്മാസിനെ ആശ്വസിപ്പിക്കാന്‍ പോലും ആർക്കും കഴിയുമായിരുന്നില്ല. പരിക്കേറ്റ ഉപ്പ സലീമും ഉമ്മ ഷെറിനും ശമ്മാസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കരിഞ്ചോലയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു. കോഴിക്കോട്ട് കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കട്ടിപ്പാറ, വേനപ്പാറ, മലപ്പുറം ജില്ലയിലെ എടവണ്ണ, ചാത്തല്ലൂര്‍, ആനക്കല്ല് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ? കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്.