പത്തനംതിട്ട: സീതത്തോട് മേഖലയിൽ പന്ത്രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി.

ദുരന്തനിവാരണ സേനയ്ക്കോ ഫയർഫോഴ്സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

രാവിലെ റാന്നിയിലും കോഴഞ്ചേരിയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്. റാന്നി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറി കനത്ത നാശമുണ്ടായി. റാന്നി കഐസ്ആർടിസി ഡിപ്പോ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസുകൾ കാണാൻ കഴിയാത്തവിധം വെള്ളം ഉയർന്നിട്ടുണ്ട്.