ജര്‍മ്മന്‍ പോലീസിനായി ഓര്‍ഡര്‍ ചെയ്ത എന്‍ 95 മാസ്ക് അമേരിക്ക ‘കൊള്ള’യടിച്ചതായി ആരോപണം. ബെര്‍ലിന്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ് ലന്‍ഡില്‍ നിന്നും കപ്പല്‍ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജര്‍മ്മനി ആരോപിക്കുന്നു. ഇത് ‘ആധുനിക കൊള്ള’യാണ് എന്നാണ് ബെര്‍ലിന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അന്‍ഡ്രിയാസ് ഗെയ്സല്‍ പറഞ്ഞത്.

കൊറോണ വൈറസ് സുരക്ഷാ വസ്തുക്കള്‍ വാങ്ങിക്കാന്‍ ആഗോള മാര്‍ക്കറ്റില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ‘വൈല്‍ഡ് വെസ്റ്റ്’ രീതികള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെര്‍ലിന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഇടപെടാന്‍ ജര്‍മ്മന്‍ ഗവന്‍മെന്‍റിനോട് ബെര്‍ലിന്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിര്‍മ്മാതാക്കളാണ് മാസ്ക് നിര്‍മ്മിച്ചതെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മാസ്ക്കുകള്‍ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിര്‍മ്മാതാക്കല്‍ക്ക് ബെര്‍ലിന്‍ പോലീസില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതിന് രേഖകള്‍ ഇല്ലെന്നും 3എം പറഞ്ഞു.

അതേസമയം ജര്‍മ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൌര്‍ലഭ്യം നിലനില്‍ക്കെ ആഗോള മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയര്‍ന്നുവന്ന ആരോപണം. മാസ്ക്കുകള്‍ കിട്ടാനുള്ള മത്സരം ഒരു ‘നിധി വേട്ട’ പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു.