ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ രാജിവച്ചു. ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി പ്രഖ്യാപനം.

സൗത്ത് കരോളിന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷമാണ് 2017ല്‍ യു.എന്നില്‍ യു.എസ് അംബാസഡറാകുന്നത്. രാജിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ട്രംപ് രാജി സ്വീകരിച്ചു. ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്‌നത്തിലും ഉള്‍പ്പെടെ യു.എന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയ അംബാസിഡറാണ് നിക്കി ഹാലെ.

യു.എസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലെ. പഞ്ചാബില്‍ നിന്ന് യു.എസില്‍ കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ് നിക്കി ഹാലെ. ട്രംപിന്റെ വിദേശകാര്യ നയത്തെ നിക്കി ഹാലെ അടുത്തിടെ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.