ഒസാന്‍: അമേരിക്കന്‍ വ്യോമസേനയുടെ കുന്തമുന എന്നു വിശേഷിപ്പിക്കാവുന്ന ബി-52 യുദ്ധവിമാനം ദക്ഷിണ കൊറിയയില്‍. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു എന്ന് അവകാശപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബി-52 വിമാനം അമേരിക്ക വിന്യസിച്ചത്. ഉത്തര കൊറിയയ്ക്ക് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒസാന്‍ വ്യോമത്താവളത്തിലാണ് അമേരിക്കന്‍ ബോംബര്‍ വിമാനം എത്തിയത്. നടപടി ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്കാണെന്ന് അമേരിക്ക അറിയിച്ചു. അണു പരീക്ഷണം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പാണെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ നടപടി മേഖലയില്‍ ശീതയുദ്ധത്തിനു സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ദക്ഷിണ കൊറിയയുടെ എഫ്-15, അമേരിക്കയുടെ തന്നെ എഫ്-16 വിമാനങ്ങളുടെ അകമ്പടിയോടെ ആകാശത്ത് വട്ടമിട്ട ശേഷം അമേരിക്കന്‍ വിമാനം ഗുവാം ദ്വീപിലെ തങ്ങളുടെ വ്യോമത്താവളത്തില്‍ തിരിച്ചെത്തിയതായി അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണ കൊറിയയും ജപ്പാനുമുയുള്ള തങ്ങളുടെ ശക്തമായ ബന്ധത്തിന്റേയും തങ്ങളുടെ പ്രതിരോധത്തിന്റേയും പ്രകടനമാണ് നടന്നതെന്നായിരുന്നു ഇതിനെ പസഫിക് കമാന്‍ഡ് മേദാവി അഡ്മിറല്‍ പരിസ് ബി. പാരിസ് ജൂനിയര്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള ധാരണകളുടെ ലംഘനമാണ് അണുപരീക്ഷണത്തിലൂടെ ഉത്തര കൊറിയ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ജന്മദിനത്തോടനുബന്ധിച്ച് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി നടത്തിയതിന്റെ ആഘോഷങ്ങളില്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ മുഴുകിയ സമയത്താണ് അമേരിക്ക ദക്ഷിണ കൊറിയയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ലോകത്തിനു മുന്നില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് തന്റെ രാഷ്ട്രീയാടിത്തറ മെച്ചപ്പെടുത്താനുള്ള ശ്രമമായിക്കൂടിയാണ് അണുപരീക്ഷണത്തെ കിം ഉപയോഗിച്ചത്. അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തേക്കുറിച്ച് ഉത്തര കൊറിയ പ്രതികരണമൊന്നും ഇതേവരെ നടത്തിയിട്ടില്ല. 2013ല്‍ ഉത്തര കൊറിയ തങ്ങളുടെ മൂന്നാമത്തെ ആണവ പരീക്ഷണം നടത്തിയപ്പോളും അമേരിക്ക ദക്ഷിണ കൊറിയയിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നു.

കഴിഞ്ഞയാഴ്ച നാലാമത്തെ അണു പരീക്ഷണത്തിനു ശേഷം നടത്തിയ പ്രസ്താവനയില്‍ ഇത് അമേരിക്കയും സഖ്യകക്ഷികളും നയിക്കാനിടയുള്ള ആണവ യുദ്ധത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ശ്രമമെന്നാണ് കിം വിശദീകരിച്ചത്. ഇത് ഒരു രാജ്യമെന്ന നിലയില്‍ തങ്ങളുടെ അവകാശമാണെന്നും അതിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കിം വ്യക്തമാക്കിയിരുന്നു. തങ്ങളെ ലക്ഷ്യം വച്ചാണ് ദക്ഷിണ കൊറിയയിലും ജപ്പാനിലും അമേരിക്ക വലിയ തോതില്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ആണവായുധം സ്വായത്തമാക്കേണ്ടത് തങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന വാദമാണ് ഉത്തര കൊറിയ ഉയര്‍ത്തുന്നത്.