യുഎസ്സില്‍ കോവിഡ് രോഗമുക്തി നേടിയ 70കാരന് ഹോസ്പിറ്റല്‍ നല്‍കിയത് 1.1 മില്യണ്‍ ഡോളറിന്റെ ബില്‍ (ഏതാണ്ട് 8,35,52,700 ഇന്ത്യന്‍ രൂപ). ദ സീറ്റില്‍ ടൈംസ് പത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൈക്കള്‍ ഫ്‌ളോര്‍ എന്ന 70കാരനാണ് സീറ്റിലിലെ ഹോസ്പിറ്റലിന്റെ കൊള്ളയ്ക്ക് ഇരയായത്. മാര്‍ച്ച് നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൈക്കള്‍ ഫ്‌ളോറിന് 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഒരു ഘട്ടത്തില്‍ മരണത്തോടടുത്തിരുന്ന മൈക്കള്‍ ഫ്‌ളോറിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്‌സുമാര്‍ ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍ മൈക്കള്‍ ഫ്‌ളോര്‍ രോഗമുക്തി നേടുകയും മേയ് അഞ്ചിന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു.

181 പേജുള്ള ബില്ലാണ് കിട്ടിയത്. 1,122,501.04 ഡോളറിന്റെ ബില്‍. 9736 ഡോളര്‍ ഐസിയു റൂമിന്, 4,09,000 ഡോളറിനടുത്ത് തുക 42 ദിവസത്തെ സ്‌റ്റെറൈല്‍ റൂം ഉപയോഗത്തിന്, 82000 ഡോളര്‍ 29 ദിവസത്തെ വെന്റിലേറ്റര്‍ ഉപയോഗത്തിന്. രണ്ട് ദിവസത്തെ ബില്‍ ആയി ഒരു ലക്ഷം ഡോളറിനടുത്ത് കിട്ടി. വയോധികര്‍ക്കുള്ള ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് പരിപാടിയായ മെഡികെയറിന്റെ പരിരക്ഷ മൈക്കള്‍ ഫ്‌ളോറിനുണ്ട്. അതുകൊണ്ട് കയ്യില്‍ നിന്ന് ഇത്ര പണം ചെലവാകില്ല. അതേസമയം നികുതിദായകര്‍ തന്റെ ഭീമമായ ചികിത്സാചെലവ് വഹിക്കണമെന്ന് ആലോചിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നതായി മൈക്കള്‍ ഫ്‌ളോര്‍ സീറ്റില്‍ ടൈംസിനോട് പറഞ്ഞു.

ഹോസ്പിറ്റലുകളേയും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേയും സഹായിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസ് 100 മില്യണ്‍ ഡോളറിന്റെ ബജറ്റാണ് മുന്നോട്ടുവച്ചത്. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ചികിത്സാ ചെലവുകളുള്ള രാജ്യങ്ങളിലൊന്നാണ് യുഎസ്. ഭീമമായ ചികിത്സാ ചെലവ് കുറച്ച് എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന് തന്നെ ആരോഗ്യരംഗത്തെ സാമ്പത്തികചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യമായിരുന്നു.