വാഷിംഗ്ടണ്‍: ശത്രുരാജ്യങ്ങളിലും സുഹൃദ്ബന്ധമുള്ള രാജ്യങ്ങളില്‍ പോലും ചാരന്‍മാരെ നിയോഗിക്കുന്നത് ശക്തമായ ഇന്റലിജന്‍സ് സംവിധാനമുള്ള രാജ്യങ്ങളുടെ പതിവാണ്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ള ഏജന്റുമാരെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് ഇത്തരം സംവിധാനങ്ങള്‍ അത്ര എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അടുത്ത തലമുറ ഇന്റലിജന്‍സിന് ജനിതക സാങ്കേതിക വിദ്യയെ ആശ്രയിക്കുകയാണ് അമേരിക്കന്‍ സേന. ജനിതക മാറ്റം വരുത്തിയ ചെടികളാണ് പുതിയ ആയുധം.

ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി ഇതിനായി ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ സേനയുടെ സാങ്കേതിക വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഡിഎപിആര്‍എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഏജന്‍സിയാണ്. മുമ്പ് സോവിയറ്റ് യൂണിയന്‍ ആണവ പരീക്ഷണ നിരോധന ഉടമ്പടി ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ഭൂകമ്പമാപിനികളും ഉപഗ്രഹങ്ങളും ക്രമീകരിച്ച ചരിത്രവും ഈ ഏജന്‍സിക്കുണ്ട്.

ചില രാസവസ്തുക്കളെയും അപകടകരമായ സൂക്ഷ്മജീവികളെയും റേഡിയേഷനുകളെയും തിരിച്ചറിയാനുള്ള ചെടികളുടെ കഴിവിനെയാണ് ഇവിടെ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നത്. ചെടികളില്‍ ആവശ്യമായ, ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ അവ ഏതൊക്കെ വിധത്തിലുള്ള ഭീഷണികളെ തിരിച്ചറിയുമെന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കും. അവ ഭൂമിയിലോ ആകാശത്തോ ബഹിരാകാശത്തോ സ്ഥാപിക്കുന്ന സെന്‍സറുകളിലൂടെ നിരീക്ഷിക്കാനും കഴിയുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.