ആഗോളതലത്തില്‍ കൊവിഡ് ഇത്രയും വ്യാപിക്കാന്‍ കാരണം ചൈനയുടെ രഹസ്യ സ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തില്‍ സല്യൂട്ട് റ്റു അമേരിക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

‘കാലങ്ങളായി അമേരിക്കയെ മുതലെടുത്തു കൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും കോടിക്കണക്കിന് ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് നല്‍കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാല്‍ അതിനിടെയാണ് ചൈനയില്‍ നിന്ന് കൊറോണ വൈറസ് എത്തുകയും രാജ്യത്തെ ബാധിക്കുകയും ചെയ്തത്. ഇപ്പോള്‍ അമേരിക്ക മാസ്‌കുകള്‍, ഗൗണുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇവയെല്ലാം മറ്റ് വിദേശരാജ്യങ്ങളിലാണ് നിര്‍മ്മിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയില്‍. ചൈനയില്‍ നിന്ന് തന്നെയാണ് വൈറസ് ആരംഭിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം’ എന്നാണ് ഡൊണാള്‍ഡ് ഡ്രംപ് പറഞ്ഞത്.

ആഗോളതലത്തില്‍ ഈ വൈറസ് ഇത്രയും രൂക്ഷമായി ബാധിക്കാന്‍ കാരണം ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്നും വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം അമേരിക്ക ഇപ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 2,981,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 42,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 132,552 പേരാണ് മരിച്ചത്.