ജിമ്മി ജോസഫ്

സ്‌കോട്ലാന്‍ഡ് : സ്‌കോട്ലാന്‍ഡിലെ എല്ലാ മലയാളി അസോസിയേഷനുകളെയും ഒന്നിപ്പിച്ചു കൊണ്ട് യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്‍ ( യുസ്മ ) നിലവില്‍ വരുന്നു. മലയാളി അസോസിയേഷനുകളുടെ അതിപ്രസരങ്ങളില്ലാത്ത സ്‌കോട്ലാന്‍ഡിലുള്ള അസോസിയേഷനുകളെ കൂടാതെ എട്ടിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള സൌഹൃദ കൂട്ടായ്മകള്‍ക്കും, സംഘങ്ങള്‍ക്കും, കുടുംബ കൂട്ടായ്മകള്‍ക്കും, സ്പോര്‍ട്സ് ക്ലബുകള്‍ക്കും, ഔദ്യോഗിക, അനൗദ്യോഗിക കൂട്ടായ്മകള്‍ക്കും ഈ സംഘടനയുടെ ഭാഗമാകാവുന്നതാണ്. യുസ്മയുടെ ഔദ്യോഗിക വിജ്ഞാപനത്തിനു മുമ്പേ 11 കൂട്ടായ്മകള്‍ സ്‌കോട്ലാന്‍ഡിലെ ഗ്ലാസ്ഗോ, ഈസ്റ്റ് കില്‍ ബ്രൈഡ്, ഫാല്‍ക്കിര്‍ക്ക്, ലിവിംഗ്സ്റ്റണ്‍, എഡിന്‍ബര്‍ഗ്, കിര്‍ക്കാല്‍ഡി, ഡന്‍ഡി, പെര്‍ത്ത്, സെന്റ് ആന്‍ഡ്രുസ്, അബര്‍ഡീന്‍, ഇന്‍വര്‍നെസ്സ് എന്നിവിടങ്ങളിലെ വിവിധ കൂട്ടായ്മകള്‍ യുസ്മയുടെ ഭാഗമായി കഴിഞ്ഞു.

ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എട്ടോ അതിലധികമോ അംഗങ്ങളായുള്ള സൗഹൃദ കുടുംബ കൂട്ടായ്മകളേയും, ക്ലബുകളേയും , അസോസിയേഷനുകളേയും യുസ്മയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതായി യുസ്മ ഭാരവാഹികള്‍ അറിയിച്ചു. യുസ്മയുടെ അംഗത്വത്തിനായി യുസ്മ ഭാരവാഹികളേയോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക. യുസ്മയുടെ ഉത്ഘാടന മഹാസമ്മേളനം അതിവിപുലമായ സജ്ജീകരണങ്ങളോടെ ഫെബ്രുവരിയില്‍ നടക്കും. സ്‌കോട്ലാല്‍ഡിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിവിധ കൂട്ടായ്മകളുടെ ഭാഗമായുള്ള 36 അംഗ കമ്മിറ്റിയുടെ കഴിഞ്ഞ രണ്ടു മാസത്തെ ശ്രമഫലമായി യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഭരണ സമതിയേയും, 30 പേരടങ്ങുന്ന വിവിധ കമ്മിറ്റികളേയും , ഉപദേശക സമിതയേയും തിരഞ്ഞെടുത്തു.

കൂടാതെ 2018-2019 വര്‍ഷത്തെ കര്‍മ്മ പരിപാടിയുടെ രൂപരേഖയും തയ്യാറാക്കി.യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ (യുസ്മ) അംഗ അസോസിയേഷനുകളെയും, ക്ലബുകളെയും, കൂട്ടായ്മകളെയും പരിപോഷിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സ്‌കോട്ട്ലാന്‍ഡിലെ മലയാളികള്‍ക്ക് വിശിഷ്യ യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും ഉപകാരപ്രദമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍മ്മ പദ്ധതിയാണ് യുസ്മ തുടക്കത്തിലെ നടപ്പില്‍ വരുത്താന്‍ ശ്രദ്ധിക്കുക. യുസ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കായിക മേളയും, കലാമേളയും സ്‌കോട്ട് ലാന്‍ഡ് മലയാളിക്ക് വേറിട്ടൊരനുഭൂതിയായിരിക്കും എന്നത് നിസ്തര്‍ക്കമാണ്.

സ്‌കോട് ലാന്‍ഡ് മലയാളി സമൂഹത്തില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യുസ്മ എന്ന പ്രസ്ഥാനം തയ്യാറായി കഴിഞ്ഞു. ഇതിന്റെ പ്രഥമ ഭരണസാരഥ്യത്തിലേയ്ക്ക് കടന്നു വന്നിരിക്കുന്നത് സ്‌കോട്ലാന്‍ഡിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരും, പ്രതിഭാധനരും ആയ 30 പേരടങ്ങുന്ന വലിയ ഒരു കമ്മറ്റിയാണ്. സുദൃഡവും, സുശക്തവുമായ യുസ്മയുടെ പ്രഥമ ഭരണ സമതിയുടെ നേതൃത്വം ഇനി ഇവരുടെ കൈകളിലൂടെ:പ്രിസിഡന്റ്: ഡോ. സൂസന്‍ റോമല്‍ , ഇക്കഴിഞ്ഞ 15 വര്‍ഷക്കാലമായി ഗ്ലാസഗോ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യവും , ഗ്ലാസ്ഗോയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഇവിടെ വരുന്നതിന് മുമ്പ് പുഷ്പഗിരി ഹോസ്പിറ്റലിലും , മെഡിക്കല്‍ ട്രെസ്റ്റ് ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റ് : ഷിബു സേവ്യര്‍ , ഫാല്‍ കിര്‍ക്ക് മലയാളി കമ്മൂണിറ്റിയുടെ നേതൃത്വ നിരയില്‍ വര്‍ഷങ്ങളായി തിളങ്ങി നില്ക്കുന്ന വ്യക്തിത്വങ്ങളിലൊന്ന്. പ്രിന്റിങ് ഓണ്‍ലൈന്‍, റീട്ടെയില്‍ ബിസിനസ്സ് നടത്തി വരുന്നു.

സെക്രട്ടറി : പ്രദീപ് മോഹന്‍, 13 വര്‍ഷക്കാലത്തിലേറെയായി തനത് വ്യക്തിത്വം കൊണ്ട് ഡന്‍ഡി മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യം. സയന്ററിസ്റ്റായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ ബ്രട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് കാര്‍ഡിയോ വാസ്‌കുലറില്‍ ഡന്‍ഡി നയണ്‍വെല്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ഗവേഷണം നടത്തി വരുന്നു.

ജോയിന്റ് സെക്രട്ടറി: ജിബിന്‍ ജോണ്‍, ടീച്ചറായി ജോലി ചെയ്യുന്നു. കൂടാതെ യുകെയിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനുകളിലൊന്നായ അബര്‍ഡീന്‍ മലയാളീ അസോസിയേഷന്റെ നിലവിലെ സെക്രട്ടറി കൂടിയാണിദ്ദേഹം.

ട്രഷറര്‍: ഡോ.രാജ് മോഹന്‍ പത്മനാഭന്‍, 20 വര്‍ഷക്കാലത്തോളമായി ലനാര്‍ക് ഷയര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ കണ്‍സള്‍റ്റന്‍ഡായി സേവനമനുഷ്ടിക്കുന്നു. സാമൂഹിക ,സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യം കാത്തു സൂക്ഷിക്കുന്ന ഡോ: രാജ് ഈസ്റ്റ് കില്‍ ബ്രൈഡ് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, രക്ഷാധികരികളിലൊരാളും കൂടിയാണ്.

ജോയിന്റ് ട്രഷറര്‍: പോള്‍ ജോസഫ് , സാബു എന്നറിയപ്പെടുന്ന പോള്‍ ജോസഫ് എഡിന്‍ബര്‍ഗ്ഗ് മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും, സ്‌കോട്ലാന്‍ഡിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എഡിന്‍ബര്‍ഗ്ഗ് മലയാളി അസോസിയേഷന്റെ ഭാരവാഹി കൂടിയാണിദ്ദേഹം.

ഇവരെ കൂടാതെ സ്പോര്‍ട്സ് & ഗെയിംസ് കമ്മറ്റി, ആര്‍ട്സ് & കലാമേള കമ്മറ്റി, വനിതാ പ്രതിനിധി, റീജിയണല്‍ കമ്മറ്റികള്‍ ( അബര്‍ഡീന്‍ , ഡന്‍ ഡി , എഡിന്‍ബര്‍ഗ്ഗ് & ഗ്ലാസ് ഗോ ) ഉപദേശക സമതി എന്നിവയും നിലവില്‍ വന്നു. യുസ്മ ഭരണ സമതിയേക്കുറിച്ചുള്ള വിശദമായ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ പ്രസദ്ധീകരിക്കുന്നതായിരിക്കും. എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിച്ചു കൊണ്ട് യുസ്മയെ സ്‌കോട്ലാന്‍ഡ് മലയാളി സമൂഹത്തിന് സമര്‍പ്പിക്കുന്നു. മലയാളി സമൂഹത്തിന് കൂടുതല്‍ കരുത്തേകാന്‍ , കരുതലാകാന്‍ ,
ഉണരാന്‍ , ഉണര്‍ത്താന്‍ , ഉണര്‍വോടെ യുസ്മ നിങ്ങളിലേയ്ക്ക് … നന്ദി…