അഞ്ചലില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും. ഒന്നര വയസ്സുകാരനായ മകനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാ പിതാക്കള്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.

കൂടാതെ, ഉത്രയുടെ കൊലപാതകത്തില്‍ കേരള വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കാന്‍ ഉത്തരവായത്.

ഉത്രയുടെ മരണ സമയത്ത് ഉത്രയുടെ വീട്ടിലായിരുന്നു ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. ഉത്രയുടെ മരണശേഷം സൂരജ് കോടതി അനുമതിയോടെ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തങ്ങള്‍ക്ക് തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്ക് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ കുടുംബത്തിന് ക്രിമിനല്‍ സ്വഭാവം ഉള്ളതിനാല്‍ കുഞ്ഞിനെ തിരിച്ച് നല്‍കണമെന്ന് ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ ആവശ്യപ്പെട്ടിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധനനിരോധന നിയമ പ്രകാരവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭര്‍ത്താവ് സൂരജിനും ഭര്‍ത്തൃ കുടുംബാംഗങ്ങള്‍ക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു.