നോബി ജോസ്

യുകെയിലെ കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന വേദിയില്‍ പങ്കാളികളാവാന്‍ എല്ലാ അസോസിയേഷന്നുകളും തയ്യാറെടുത്തുകഴിഞ്ഞു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള 2017 ഒക്ടോബര്‍ 7 ശനിയാഴ്ച നടത്തപ്പെടും. മേളയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗം ഞായറാഴ്ച റെഡ്ഡിച്ചില്‍ ചേര്‍ന്നു. കലാമേളയില്‍ പങ്കെടുക്കുവാനുള്ള മത്സരാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 30നു മുന്‍പായി അംഗ അസോസിയേഷന്‍ വഴി റീജിയണല്‍ കമ്മിറ്റിയെ അറിയിക്കേണ്ടതാണ്. നിയമാവലികളും മറ്റു വിശദവിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും ഇതിനോടകം തന്നെ എത്തിച്ചു കഴിഞ്ഞു.

ഇത്തവണ മത്സരാര്‍ത്ഥികളില്‍ നിന്നുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാകും സ്വികരിക്കുക. ബന്ധപ്പെട്ട ഓണ്‍ലൈന്‍ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും എത്തിച്ചു കഴിഞ്ഞു. എല്ലാ മത്സരാര്‍ത്ഥികളും അവരവരുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് ഈമാസം മുപ്പതാം തീയതിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യെണ്ടതാണ്.

കലാമേള വിഷയങ്ങള്‍ക്കു പുറമെ യുക്മ യൂഗ്രാന്റ് വിപണന പുരോഗതി സംന്ധിച്ച വിശദമായ ചര്‍ച്ചയും യോഗത്തിലുണ്ടായി. റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ റീജിയണില്‍ നിന്നുമുള്ള യുക്മ ദേശീയ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. കലാമേള വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീജിയണല്‍ പ്രസിഡണ്ട് ഡിക്സ് ജോര്‍ജ് അഭ്യര്‍ഥിച്ചു.