സജീഷ് ടോം,
( യുക്മ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ഷെഫീൽഡ്:- യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത്‌ മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2019” ഇത്തവണ ഓഗസ്റ്റ് 31ന്‌ നടത്തപ്പെടുന്നത്‌ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ്കുമാര്‍ പിള്ള അറിയിച്ചു.

ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ്‌ ആദ്യ രണ്ട് വര്‍ഷങ്ങളിലും ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ച്‌ നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ്‌ യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്‌. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോർഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു.

ടീം രജിസ്ട്രേഷൻ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വള്ളംകളിയോടുള്ള ആളുകളുടെ ആവേശം തെളിയിക്കപ്പെട്ടു. മത്സരിക്കാനെത്തുന്ന ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തുന്നതോടെ ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാവും, കൂടാതെ മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം മറ്റ് പരിപാടികള്‍ക്ക് നീക്കി വയ്ക്കുന്നതിനും സാധ്യമാവും. കാണികളായി എത്തുന്ന ആളുകളുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളില്‍ നിന്നും വര്‍ദ്ധനവാണ്‌ പ്രതീക്ഷിക്കുന്നത്‌. 5,000 മുതല്‍ 7,000 വരെ ആളുകള്‍ കാണികളായി എത്തുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം എത്തിയതിലും അധികം ആളുകള്‍ എത്തിച്ചേരുമ്പോള്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മാറ്റുമാണ് ഇത്തവണ മത്സരങ്ങള്‍ ഷെഫീല്‍ഡിലേയ്ക്ക് മാറ്റിയത്‌.

സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപത്തുള്ള മാന്‍വേഴ്സ് തടാകത്തിലാവും “കേരളാ പൂരം 2019” വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നത്‌. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മറ്റ്‌ ചില കേന്ദ്രങ്ങള്‍ കൂടി സംഘാടകസമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും മനോഹരമായ കാഴ്‌ച്ചകളും പാര്‍ക്കിംഗ്‌ സൗകര്യങ്ങളും ഏത്‌ ഭാഗത്ത്‌ നിന്നാലും മത്സരങ്ങള്‍ കാണുന്നതിനുള്ള സാഹചര്യവും ഈ വേദി തെരഞ്ഞെടുക്കുന്നതിനുള്ള തീരുമാനത്തിലേയ്ക്ക്‌ എത്തിക്കുകയായിരുന്നു. യുക്മ ചാരിറ്റി സെക്രട്ടറി വര്‍ഗ്ഗീസ് ഡാനിയലിന്റെ ശ്രമങ്ങളാണ്‌ ഇത്തവണ ഇവിടെ വള്ളംകളി നടത്തുന്നതിനുള്ള തീരുമാനമെടുപ്പിച്ചത്‌.

മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്‌. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രധാന സ്റ്റേജ്‌, ഭക്ഷണ ശാലകള്‍, മറ്റ്‌ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്‌. ഒരേ സ്ഥലത്ത്‌ നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ്‌ പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ തരത്തിലും അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ദിവസം ഒരുക്കുന്നത്.

“കേരളാ പൂരം 2019”: സ്പോണ്‍സര്‍ഷിപ്പ് മുതലായ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്നവരെ ബന്ധപ്പെടുക:-

മനോജ് കുമാർ പിള്ള: 07960357679,
അലക്സ് വര്‍ഗ്ഗീസ് : 07985641921
എബി സെബാസ്റ്റ്യന്‍ : 07702862186

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH – UPON – DEARNE,
S63 7DG.