മലയാളം യുകെ ന്യൂസ് ടീം.
യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് തിരശ്ശീല വീണു. കഴിഞ്ഞ മൂന്ന് വർഷവും ജേതാക്കളായിരുന്ന ആയിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ രണ്ടാം സ്ഥാനത്തേക്ക് തള്ളി  ആതിഥേയരായ യോര്‍ക്ഷയര്‍ ആൻഡ് ഹംബര്‍ റീജിയണ്‍ കിരീടം ചൂടി. സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ അവസാനിച്ചത് രാത്രി പതിനൊന്നരയ്ക്ക് . അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടന്നത്. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.രാത്രി പന്ത്രണ്ട് മണിക്ക് ഒമ്പതാമത് യുക്മ നാഷണല്‍ കലാമേളയുടെ സമാപന സമ്മേളനം ആരംഭിച്ചു. കലാമേളയുടെ വിശിഷ്ടാതിഥി എം ജി രാജമാണിക്യം IAS സ്റ്റേജിലെത്തി.. നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തെ  സദസ്സിലെ മലയാളികൾ സ്വീകരിച്ചത്. യൂറോപ്പിലെ മലയാളികളോട് വളരെ ലളിതമായ ഭാഷയില്‍ ചുരുങ്ങിയ മിനിറ്റുകളിൽ അദ്ദേഹം സംസാരിച്ചു. മലയാളികളെ ഒന്നടങ്കം കൈയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ വാക്കിലും വിനയത്തിന്റെ അലയൊലികൾ ഒഴുകിവന്നതോടെ കൈയ്യടിയുടെ പ്രളയം തന്നെയായിരുന്നു. തുടര്‍ന്ന് നാഷണല്‍ കലാമേളയുടെ വിജയികള്‍ക്കുള്ള സമ്മാനദാനം ആരംഭിച്ചു. രാവേറെയായിട്ടും ആകാംഷയോടെ കാത്തിരുന്ന മത്സരാര്‍ത്ഥികള്‍ക്കു മുമ്പില്‍ മത്സരത്തിന്റെ ഫലങ്ങള്‍ ഓരോന്നായി പുറത്തു വന്നു.അസോസിയേഷനുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഈസ്ററ് യോർക്ഷയർ കൾച്ചറൽ അസോസിയേഷൻ (EYCO HULL) ആണ് അസ്സോസിയേഷൻ ചാംമ്പ്യൻഷിപ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷത്തെ ജേതാക്കൾ ആയ ബി സി എം സി ബിർമിങ്ഹാമിന് കിരീടം നിലനിർത്താൻ സാധിച്ചില്ല. എഴുപത്തിമൂന്ന് പോയിന്റ് നേടിയാണ് പോയിന്റ് പട്ടികയിൽ ഈസ്ററ് യോർക്ഷയർ കൾച്ചറൽ അസോസിയേഷൻ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനം നേടിയ റീജിയൻ നേടിയത് 125 പോയിന്റ് മാത്രമാണ് എന്നതിൽ തന്നെ ഈ അസോസിയേഷന്റെ പങ്ക്‌ എത്ര വലുതാണെന്ന് തിരിച്ചറിയുക വളരെ ലളിതം.  യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ യുക്മ കലാമേളയുടെ ഒമ്പതാമത് കിരീടം ചൂടി.ഒൻപതാമത് യുക്മ നാഷണൽ കലാമേള അവസാനിക്കുമ്പോൾ പതിവ് തെറ്റിക്കാതെ തീർന്നത് വെളിപ്പിന് തന്നെ. സമ്മാനദാനം തീരുമ്പോൾ സമയം 2.15 മണിയായി. മയിലുകൾ താണ്ടി എത്തിച്ചേർന്ന പലരും സമ്മാനം വാങ്ങിക്കാതെ മടങ്ങിയിരുന്നു. കലാമേള അവസാനിക്കുമ്പോൾ പുതിയ അസോസിയേഷനും പുതിയ റീജിയണൽ ജേതാവും നിലവിൽ വന്നു എന്നതാണ് ഇത്തവണത്തെ പുതുമ.