ഭാവസാന്ദ്രമായ ശബ്ദഗാംഭീര്യവുമായി ആനന്ദ്………… സ്വരമാധുരിയുടെ മഴവിൽ കാവടിയുമായി രചന………… ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറർ പ്രകടനവുമായ് സാൻ – സ്റ്റാർസിംഗർ 3 യുടെ പുതിയ എപ്പിസോഡ് പ്രേക്ഷകർക്ക് വിസ്മയ കാഴ്ചയാകുന്നു

ഭാവസാന്ദ്രമായ ശബ്ദഗാംഭീര്യവുമായി ആനന്ദ്………… സ്വരമാധുരിയുടെ മഴവിൽ കാവടിയുമായി രചന………… ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറർ പ്രകടനവുമായ് സാൻ – സ്റ്റാർസിംഗർ 3 യുടെ പുതിയ എപ്പിസോഡ് പ്രേക്ഷകർക്ക് വിസ്മയ കാഴ്ചയാകുന്നു
February 13 10:36 2018 Print This Article

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യൂറോപ്പ് മലയാളികൾ നെഞ്ചിലേറ്റിയ സംഗീത യാത്രയായി മാറിക്കഴിഞ്ഞു. യുകെയിലെ രണ്ട് വേദികളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകപ്രതിഭകളും, സ്വിറ്റ്സർലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികളുമുൾപ്പെടെയുള്ള പ്രൗഢമായ ഗായകനിരയാണ് സ്റ്റാർസിംഗർ 3 യിൽ തുയിലുണർത്താൻ എത്തുന്നത്. 1970 – 80 കളിലെ ഹൃദ്യഗാനങ്ങളുടെ ഈ പുതിയ എപ്പിസോഡിൽ വ്യത്യസ്തമായ സംഗീത ശൈലികളുമായെത്തുന്ന മൂന്ന് മത്സരാർഥികളാണ്‌ മാറ്റുരക്കുന്നത്.

എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയ ‘വാചാലം എൻ മൗനവും നിൻ മൗനവും’ എന്ന ഗാനവുമായാണ് നോർത്താംപ്ടണിൽനിന്നുള്ള ആനന്ദ് ജോൺ ഈ എപ്പിസോഡിലെ ആദ്യ ഗായകനായെത്തുന്നത്. “കൂടുംതേടി” എന്ന പോൾ ബാബു ചിത്രത്തിലെ ഈ ഗാനത്തിൽ യേശുദാസിന്റെ ശബ്ദത്തോട് അടുത്ത് നിൽക്കാനുള്ള ആനന്ദിന്റെ ഒരു പരിശ്രമവും നമുക്ക് കാണാൻ കഴിയും.

1970 കളുടെ ആദ്യം പുറത്തിറങ്ങിയ “സ്വപ്നം” എന്ന ചിത്രത്തിലെ ഒരുഗാനമാണ് അടുത്ത മത്സരാർത്ഥി രചനാ കൃഷ്ണൻ ആലപിക്കുന്നത്. ‘മഴവിൽകൊടി കാവടി അഴകുവിടർത്തിയ മാനത്തെ പൂങ്കാവിൽ’ എന്ന ഈ ഗാനത്തിന് മലയാളത്തിന്റെ സ്വന്തം ഒ എൻ വി കുറുപ്പിന്റെ രചനയിൽ ഇന്ത്യൻ സിനിമയുടെ സലിൽ ദാദഎന്ന സലിൽ ചൗധരിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എസ് ജാനകിയുടെ മാസ്മരിക ശബ്ദത്തിൽ മലയാളി മനസ്സിൽ പാടിപ്പതിഞ്ഞ ഈ ഗാനം നോട്ടിംഗ്ഹാമിൽനിന്നുള്ള രചനയുടെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.

ഈ എപ്പിസോഡിലെ അവസാന മത്സരാർത്ഥിയായി എത്തുന്നത് ഹള്ളിൽനിന്നുള്ള സാൻ തോമസ് ആണ്. ‘അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന വ്യത്യസ്തത പുലർത്തുന്ന മനോഹര ഗാനവുമായാണ് സാൻ എത്തുന്നത്. പൂവച്ചൽ ഖാദർ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ജോൺസൻ മാഷ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഈ ഗാനം 1980 കളിൽ മലയാളക്കരയുടെ ഹരമായിരുന്ന “ഒരു കുടക്കീഴിൽ” എന്ന ചിത്രത്തിൽ നിന്നാണ്.

സ്റ്റാർസിംഗർ 3 പുരോഗമിക്കുന്ന വേഗത്തിൽ തന്നെ മത്സരാർത്ഥികളും പ്രേക്ഷക മനസുകളിൽ ചേക്കേറുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മത്സരാർത്ഥികൾക്ക് പ്രേക്ഷകരിൽനിന്നും നിരവധി പ്രോത്സാഹനങ്ങളും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മ്യുസിക്കൽ റിയാലിറ്റി ഷോയെ ക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles