സജീഷ് ടോം

നോർത്താംപ്ടണിൽ നിന്നുള്ള ആനന്ദ് ജോൺ, നോട്ടിംഗ്ഹാമിൽ നിന്നുള്ള രചന കൃഷ്ണൻ, സ്ലവിൽ നിന്നും എത്തിയ ജിജോ മത്തായി എന്നിവരാണ് ഇഷ്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡിൽ പാടാനെത്തുന്നത്. സ്റ്റാർ സിംഗർ സീസൺ ഒന്നിലും രണ്ടിലും മത്സരാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പാടാൻ തെരഞ്ഞെടുത്ത ഗാനങ്ങൾ, സ്റ്റാർസിംഗർ 3ൽ ആദ്യ റൗണ്ടിൽ തന്നെ തെരഞ്ഞെടുത്തുകൊണ്ട്  ഗായകർ  മത്സരത്തിന്റെ കാഠിന്യവും  നിലവാരവും പ്രതിഫലിപ്പിക്കുന്നു എന്നത് സംഘാടകർക്ക്‌ ഏറെ അഭിമാനത്തിന് വകനൽകുന്നു.

ശ്രീനിവാസന്റെ ഏറ്റവും ജനകീയമായ ചിത്രങ്ങളിൽ ഒന്നായ “വടക്കുനോക്കിയന്ത്ര”ത്തിലെ ‘മായാമയൂരം പീലിനീർത്തിയോ” എന്ന് തുടങ്ങുന്ന സരള ഗംഭീരമായ ഗാനവുമായാണ് ആനന്ദ് ജോൺ എത്തുന്നത്. കൈതപ്രം- ജോൺസൻ മാഷ് കൂട്ടുകെട്ടിൽ വിരിഞ്ഞ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്. ഇംഗ്ലണ്ടിലെ മിഡ്‌ലാൻഡ്‌സിലുള്ള നോർത്താംപ്ടൺ യുക്മ സ്റ്റാർസിംഗർ ചരിതത്തിൽ പ്രാധാന്യമേറിയ ഒരു സ്ഥലനാമമാണ്. സീസൺ 1 ലും സീസൺ 2 ലും നോർത്താംപ്ടണിൽ നിന്നും മൂന്ന് ഗായകർ വീതം പങ്കെടുക്കുകയുണ്ടായി. സീസൺ 2 ൽ മൂന്ന് ഗായകരും സെമിഫൈനലിലും രണ്ടുപേർ ഗ്രാൻഡ് ഫിനാലെയിലും എത്തിയിരുന്നു. ചരിത്രം ആവർത്തിക്കാൻ നോർത്താംപ്ടണിൽ നിന്നും ഇതാ ആനന്ദ് എത്തുന്നു.

കെ എസ്  ചിത്രക്ക് ദേശീയ അവാർഡ് വാങ്ങിക്കൊടുത്ത “വൈശാലി”യിലെ ‘ഇന്ദുപ്ഷം ചൂടിനിൽക്കും രാത്രി’ എന്ന ഗാനമാണ് നോട്ടിംഗ്ഹാമിൽ നിന്നുള്ള രചനാ കൃഷ്ണൻ ആലപിക്കുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ ബോംബെ രവി ചിട്ടപ്പെടുത്തിയ മനോഹരമായ ഈ ഗാനം രചനയുടെ കയ്യിൽ സുരക്ഷിതമാകുന്നു.

ഇഷ്ടഗാന റൗണ്ടിലെ അവസാന ഗാനവുമായെത്തുന്നത് ജിജോ മത്തായിയാണ്. “ചെങ്കോൽ” എന്ന ചിത്രത്തിലെ ‘മധുരം ജീവാമൃത ബിന്ദു’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജിജോ സ്റ്റാർസിംഗർ 3 യിൽ തന്റെ ഭാഗ്യപരീക്ഷണം നടത്തുന്നത്. കൈതപ്രം- ജോൺസൺമാഷ് കൂട്ടുകെട്ടിൽ പിറന്ന അതീവ ഹൃദ്യമായ മറ്റൊരുഗാനം. ഇതോടെ സവിശേഷമായ ഒരു റിക്കോർഡ് കൂടി സ്ഥാപിക്കപ്പെടുന്നുണ്ട്. ഇഷ്ടഗാന റൗണ്ടിൽ പാടിയ പതിനഞ്ച് ഗാനങ്ങളിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് രചന നിർവഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് ഈണം പകർന്നത് ജോൺസൺ മാഷും ആവുകയാണ്. അതോടൊപ്പം അവിചാരിതമായെങ്കിലും, കൈതപ്രം- ജോൺസൺമാഷ് കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളാണ് കൂടുതൽ ഗായകരും ഇഷ്ടഗാന റൗണ്ടിൽ ആലപിച്ചതെന്നതും മലയാള സിനിമാഗാനരംഗത്തെ ഈ മഹാരഥന്മാർക്ക് യുക്മ സ്റ്റാർ സിംഗറിലെ ഗായകരുടെ പ്രണാമമായി മാറുന്നു.

ഈ എപ്പിസോഡോടുകൂടി ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ ആദ്യ സ്റ്റേജിലെ ആദ്യറൗണ്ടായ ഇഷ്ടഗാന റൗണ്ട് സമാപിക്കുകയാണ്. പുതിയൊരു റൗണ്ടുമായി അടുത്ത ആഴ്ച ഗായകർ തിരികെയെത്തുന്നതാണ്. നമ്മുടെ ഈ പ്രവാസിലോകത്തിലെ ഗായക പ്രതിഭകളെ ലോകമലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന സ്റ്റാർസിംഗർ സംഗീത പരിപാടിയെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂർവം ഓർമപ്പെടുത്തട്ടെ.

ഇഷ്ട്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡ് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദർശിക്കുക.