സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3 യുടെ ഈ ആഴ്ചത്തെ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. യുക്മ സ്റ്റാർ സിംഗർ ചരിത്രത്തിൽ ആദ്യമായി യു.കെ.ക്ക് പുറത്തുനിന്നും പങ്കെടുക്കുവാൻ അർഹത നേടിയ രണ്ട് ഗായികമാരും തങ്ങളുടെ ഇഷ്ട്ട ഗാനങ്ങളുമായി എത്തുന്നു എന്നതാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ സംപ്രേക്ഷണങ്ങളോടുകൂടി പ്രേക്ഷകരുടെ എണ്ണതിൽ വലിയ വർദ്ധനവാണ്‌ രേഖപ്പെടുത്തുന്നത്. യൂറോപ് മലയാളികൾക്കൊപ്പം ലോക പ്രവാസി സമൂഹത്തിൽ തന്നെ യുക്മ സ്റ്റാർ സിംഗർ കൂടുതൽ ജനകീയമാകുന്ന കാഴ്ച ഏറെ പ്രതീക്ഷ പകരുന്നു.

എപ്പിസോഡിലെ ആദ്യ ഗാനം ആലപിക്കുന്നത് റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ ഡബ്ലിനിൽ നിന്നെത്തിയ ജാസ്മിൻ പ്രമോദ് ആണ്. അയർലണ്ടിൽ വളരെ നല്ലരീതിയിൽ അറിയപ്പെടുന്ന ഒരുഗായികയായ ജാസ്മിൻ യുക്മ സ്റ്റാർസിംഗറിന്റെ ചരിത്രത്തിൽ യു.കെ.ക്ക് പുറത്തുനിന്നുള്ള ആദ്യ ഗായികയാണ്. വിയറ്റ്‌നാം കോളനിയിലെ “പാതിരാവായി നേരം” എന്ന മനോഹരമായ ഗാനവുമായാണ് ജാസ്മിൻ ഡബ്ലിനിൽ നിന്നെത്തിയിരിക്കുന്നത്.

യു,കെ.യിലെ നിരവധി വേദികളിൽ നാദോപാസകനായ മനോജ് നായരാണ് രണ്ടാമത്തെ ഗാനം ആലപിക്കുന്നത്. “ഒപ്പം” എന്ന സിനിമയിലെ പ്രസിദ്ധമായ എം.ജി.ശ്രീകുമാറിന്റെ “ചിന്നമ്മ അടി കുഞ്ഞി കണ്ണമ്മ” എന്ന ഗാനമാണ് ഇപ്സ്വിച്ചിൽ നിന്നുള്ള മനോജ് ആലപിക്കുന്നത്. ആദ്യ മൂന്ന് എപ്പിസോഡുകളിലെ മാർക്ക് വിലയിരുത്തുമ്പോൾ, ഇഷ്ടഗാന റൗണ്ടിൽ നിലവിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്കോർ ചെയ്തുകൊണ്ടാണ് മനോജ് സ്റ്റാർസിംഗറിലെ തന്റെ പടയോട്ടം ആരംഭിച്ചിരിക്കുന്നത്.

അവിചാരിതമായാണെങ്കിലും യു.കെ.ക്ക് പുറമെനിന്നുള്ള രണ്ടാമത്തെ ഗായികയും ഈ എപ്പിസോഡിൽ തന്നെയാണ് മത്സരാർത്ഥിയായി എത്തുന്നത്. സ്വിറ്റ്സർലാൻഡിലെ ബാസിലിൽ നിന്നുള്ള പേളി പെരുമ്പള്ളിൽ ആണ് കടൽകടന്നെത്തിയ രണ്ടാമത്തെ സുന്ദരി. മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം കോളേജ് കാമ്പസ്സുകളുടെ ഹരമായി യുവജങ്ങളുടെ ചുണ്ടുകളിൽ ഈണമായിരുന്ന ‘ഡെയ്‌സി’ എന്ന ചിത്രത്തിലെ “രാപ്പാടിതൻ പാട്ടിൻ കല്ലോലിനി” എന്ന ഗാനമാണ് സ്റ്റാർ സിംഗർ 3 ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ പേളി ആലപിക്കുന്നത്.

സ്റ്റാർസിംഗർ 3 ജനകീയമാകുന്നതോടൊപ്പം ഗാനങ്ങളുടെ വിധികർത്താക്കളും ജനകീയരാകുന്നു. നാട്ടുനടപ്പ് പ്രകാരം ഗായകരെ കീറിമുറിച്ചു വിചാരണ നടത്തുന്ന പതിവിനു വിപരീതമായി അവരെ കൂടുതൽ ശാന്തമായി പാടുവാൻ പ്രാപ്തരാക്കുന്ന രീതിയിലുള്ള വിധി പ്രസ്താവങ്ങളും അഭിപ്രായ പ്രകടനങ്ങളും സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ അന്തരീക്ഷത്തെത്തന്നെ പാടെ മാറ്റിമറിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ജഡ്‌ജിങ്‌ പാനലിൽ അംഗമായിരുന്ന ലോപമുദ്ര നെടുങ്ങാടിയും ചലച്ചിത്ര പിന്നണിഗായകനായ ഡോക്റ്റർ ഫഹദ് മൊഹമ്മദും കൂടി സ്റ്റാർസിംഗർ 3 അവിസ്മരണീയമായ ഒരു സംഗീതയാത്രയാക്കി മാറ്റുകയാണ്.