ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) എന്ന പൊതുസംഘടനയെ അപമാനിക്കുന്നതിനായി വാസ്തവവിരുദ്ധമായ പ്രചരണം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

യുക്മയുടെ ഭരണഘടന അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത് മാമ്മന്‍ ഫിലിപ്പ് (പ്രസിഡന്റ്) റോജിമോന്‍ വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി) ആയ മുന്‍ഭരണസമിതിയാണ്. യുക്മ ദേശീയ ജനറല്‍ ബോഡിയിലും അതിനു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍, മീറ്റ് ദി കാന്‍ഡിഡേറ്റ്, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയിലും ഒരേ അവസരമാണ് മത്സരിക്കാനിറങ്ങിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭ്യമായിരുന്നത്. പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ശ്രീ. തമ്പി ജോസ്(ലിവര്‍പൂള്‍) , ശ്രീ. ജിജോ ജോസഫ് (ബാസില്‍ഡണ്‍) എന്നിവരെ വരണാധികാരികളായി നിശ്ചയിച്ചതും. തുടര്‍ന്ന് ഇവരെ സഹായിക്കുന്നതിന് യുക്മ ചാരിറ്റി ട്രഷറര്‍ ബൈജു തോമസ് (വാല്‍സാള്‍)നെയും നിയോഗിക്കുകയുണ്ടായി.

തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ രണ്ട് പാനലിലായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സമ്മതരായ വ്യക്തികള്‍ എന്ന നിലയില്‍ ഇരു വിഭാഗത്തില്‍ നിന്നും പോളിങ് കൗണ്ടിങ് ഏജന്റുമാരായി സുജു ജോസഫ് (സാലിസ്ബറി), ബിനു ജോര്‍ജ് (മെയ്ഡ്‌സ്റ്റോണ്‍) എന്നിവരെയും നിയോഗിക്കുകയുണ്ടായി. വോട്ടെടുപ്പ് യാതൊരു പരാതിയ്ക്കും ഇടയില്ലാതെ സമാധാനപരമായ സാഹചര്യത്തിലാണ് അവസാനിച്ചത്.

വോട്ടെടുപ്പ് നടന്ന ഹാളിന്റെ സ്റ്റേജില്‍ ഹാളിലുണ്ടായിരുന്ന എല്ലാവര്‍ക്കും കാണാനാവുന്ന തരത്തിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം തന്നെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 240 ബാലറ്റ് പേപ്പറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് വരണാധികാരികളും ഇരു വിഭാഗത്തിന്റെ ഏജന്റുമാരും ചേര്‍ന്ന് ഹാളില്‍ ഫലമറിയുന്നതിന് വേണ്ടി നിന്നിരുന്ന ആളുകളെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കുന്നതിനിടെ സ്‌ക്കൂള്‍ അനുവദിച്ചിരിക്കുന്ന സമയം വൈകിയതിനാല്‍ തെരഞ്ഞെടുപ്പ് നടന്ന സ്‌ക്കൂളില്‍ നിന്നും മറ്റൊരു ഹോട്ടലിലേയ്ക്ക് വോട്ടെണ്ണല്‍ മാറ്റുകയുണ്ടായി. എല്ലാവരുടേയും സമ്മതപ്രകാരം മുന്‍പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യുവിന്റെ വാഹനത്തില്‍ വരണാധികാരി ജിജോ ജോസഫിന്റെ നേതൃത്വത്തിലാണ് വോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബോക്‌സ് ഹോട്ടലിലേയ്ക്ക് നീക്കിയത്.

വീണ്ടും ആദ്യം മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചതും 240 ബാലറ്റ് പേപ്പറുകളും കൃത്യത ഉറപ്പാക്കുന്നതിന് മത്സരം നടന്ന ഓരോ സീറ്റിലേയ്ക്കും എണ്ണിയപ്പോള്‍ 8 തവണ 240 വോട്ടുകള്‍ എണ്ണണ്ടതായി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഫലപ്രഖ്യാപനം വൈകുന്നതിന് ഇടയാക്കിയത്. കൃത്യമായി വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് ജോമോന്‍ കുന്നേല്‍ (സ്ലവ്), ഷാജി തോമസ് (ഡോര്‍സെറ്റ്), എം പി പത്മരാജ് (സാലിസ്ബറി), സുരേഷ് കുമാര്‍ (നോര്‍ത്താംപ്ടണ്‍) വരണാധികാരികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കുമൊപ്പം അധികമായി ഉള്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു സീറ്റിലേയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേ വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും വരണാധികാരികള്‍ വിളിപ്പിക്കുകയും രണ്ട് പേരുടേയും സമ്മതപ്രകാരം നറുക്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൗണ്ടിങ് ഏജന്റുമാരും വരണാധികാരികളും തെരഞ്ഞെടുപ്പ് ഫലം പരസ്പര സമ്മതപ്രകാരം ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. അതിനേ തുടര്‍ന്നാണ് ഔദ്യോഗികമായ ഫലപ്രഖ്യാപനം നടന്നത്. ഫലപ്രഖ്യാപനം ഇരു വിഭാഗവും അംഗീകരിക്കുകയും ചെയ്തു. ഇതിനെല്ലാം മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്ന മുന്‍ യുക്മ ഭാരവാഹികള്‍, സജീവ പ്രവര്‍ത്തകര്‍, ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും സാക്ഷികളുമാണ്.

യുക്മ ഭരണഘടനപ്രകാരം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും വരണാധികാരികള്‍ ഏല്പിക്കുകയുമുണ്ടായി. യുക്മ എന്ന മഹാപ്രസ്ഥാനത്തിനായി വേണ്ടി നിരവധി വര്‍ഷങ്ങളായി അര്‍പ്പണബോധത്തോടെ, തികഞ്ഞ ഉദ്ദേശശുദ്ധിയോടെ പ്രതിഫലേശ്ച കൂടാതെ സേവനമനുഷ്ഠിച്ചു വന്നിട്ടുള്ള വരണാധികാരികളെ കുറ്റക്കാരായിക്കാണുന്ന നിലയിലുള്ള പെരുമാറ്റമാണ് ഫോണിലൂടെയും ഇമെയിലിലൂടെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. യുക്മ ഭരണഘടന പ്രകാരം മത്സരിച്ചവര്‍ക്കും ഏജന്റുമാര്‍ക്കും യാതൊരു പരാതിയുമില്ലാതിരുന്ന സാഹചര്യത്തില്‍ വോളണ്ടിയറായി ജോലി ചെയ്തിരുന്ന തങ്ങളുടെ ജോലി ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈമാറിയതോടെ അവസാനിച്ചുവെന്ന് ശ്രീ തമ്പി ജോസ് വെളിപ്പെടുത്തിയതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയേയും യുക്മ എന്ന മഹാപ്രസ്ഥാനത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ചിലരും യുക്മയെ വര്‍ഷങ്ങളായി തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരും കൂട്ടുചേര്‍ന്ന് നടത്തുന്ന കുത്സിതപ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.

തെരഞ്ഞെടുപ്പിന് ശേഷം ബാലറ്റ് പേപ്പറുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചും റീകൗണ്ടിങ് സംബന്ധിച്ചുമൊന്നും യാതൊന്നും യുക്മ ഭരണഘടനയില്‍ സൂചിപ്പിക്കുന്നില്ലാത്തതിനാല്‍ ഇപ്പോള്‍ പുറമേ ഉന്നയിക്കുന്ന ഈ ആവശ്യങ്ങളൊന്നും തന്നെ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് നടക്കണമെന്ന് ആഗ്രഹമുള്ളതല്ല മറിച്ച് യുക്മയെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും ബാലറ്റ് പേപ്പറുമൊക്കെ സംബന്ധിച്ച് ഏത് വിധത്തിലുള്ള സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണവും നിയമനടപടിയും നേരിടാന്‍ സംഘടന സജ്ജമാണെന്നും എന്നാല്‍ പൊതുജനമധ്യത്തില്‍ സംഘടനയെ അവഹേളിക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും അടുത്ത പൊതുയോഗത്തിന് മുന്നില്‍ തുറന്ന് കാട്ടുമെന്നും പ്രസിഡന്റ് മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.