സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മ പുതു ദേശീയ നേതൃത്വത്തിന്റെ 2019 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം വെസ്റ്റ് മിഡ്ലാന്‍ഡ്ലിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. യുക്മ ദേശീയ – റീജിയണല്‍ ഭാരവാഹികളുടെയും പുനഃസംഘടിപ്പിക്കപ്പെട്ട പോഷക സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ വരുംനാളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളെ ക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു.

2019 പ്രവര്‍ത്തനവര്‍ഷത്തില്‍ ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്യുന്ന യുക്മ യൂത്ത് & വിമന്‍സ് ഫോറത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, സെലീന സജീവ് എന്നിവര്‍ യുവാക്കള്‍ക്കും വനിതകള്‍ക്കുമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന മേഖലകളെക്കുറിച്ച് വിശദമായ രൂപരേഖ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെയും വനിതകളെയും പങ്കെടുപ്പിച്ചു കൊണ്ട് ദേശീയ തലത്തിലും, വിവിധ മേഖലകളായും സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍, എട്ട് വയസ്സ് മുതല്‍ എ-ലെവല്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, കമ്യൂണിറ്റി ബോധവല്‍ക്കണം, യു കെ സിവില്‍ സര്‍വ്വീസ് ക്ലാസ്സുകള്‍, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ദേശീയ തല മാത്തമാറ്റിക്‌സ് ചലഞ്ച് പരീക്ഷകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പദ്ധതികള്‍ ദേശീയ നേതൃ സമ്മേളനം ചര്‍ച്ചചെയ്തു.

തുടര്‍ന്ന് യുക്മ യു-ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍ ഈ വര്‍ഷത്തെ യു-ഗ്രാന്റ് പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്പന നടത്തുന്ന റീജിയണ് ഇദംപ്രഥമമായി ക്യാഷ് അവാര്‍ഡ് കൊടുക്കുവാനുള്ള തീരുമാനം ദേശീയ നേതൃത്വ സമ്മേളനം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

യുക്മ ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ടൂറിസത്തിന്റെ കീഴില്‍ യുകെയിലെ വിവിധ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കള്‍ച്ചറല്‍ എക്സ്‌ചേഞ്ച് പ്രോഗ്രാം വിപുലമായ രീതിയില്‍ നടത്തുന്നതാണെന്ന് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും യുക്മ വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ ആയിരുന്ന എബി, മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഈ വര്‍ഷവും സമ്മര്‍ അവധിക്കാലത്ത് ജലോത്സവം സംഘടപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് യുക്മ ദേശീയ കമ്മറ്റി മുന്നോട്ടുപോകുന്നതെന്ന് സമ്മേളനത്തില്‍ സൂചിപ്പിച്ചു.

ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനെക്കുറിച്ചു ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസും, നഴ്‌സസ് ഫോറത്തെ സംബന്ധിച്ച് ജയകുമാര്‍ നായരും ‘ജ്വാല’ ഇ-മാഗസിനെ പ്രതിനിധീകരിച്ചു എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മോനി ഷിജോയും സംസാരിച്ചു. കായിക മേളയെക്കുറിച്ചും നാഷണല്‍ കായിക മേളയില്‍ റീജിയണുകളില്‍നിന്നുമുള്ള പ്രാതിനിധ്യം സംബന്ധിച്ചും സ്‌പോര്‍ട്‌സിന്റെ ചുമതലയുള്ള ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് സംസാരിച്ചു.

യുക്മ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ സജീഷ് ടോം യുക്മ വാര്‍ത്തകള്‍ കൂടുതല്‍ യു കെ മലയാളികളിലേക്ക് എത്തിക്കുവാന്‍ സമ്മേളന പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു. യുക്മന്യൂസിനെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, ഉപദേശ സമിതിയംഗങ്ങളും മുന്‍ ദേശീയ പ്രസിഡന്റുമാരുമായ വര്‍ഗ്ഗീസ് ജോണ്‍, വിജി കെ പി, യുക്മ സാംസ്‌കാരിക വേദി മുന്‍ വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, യുക്മ പ്രഥമ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ ഡി ഷാജിമോന്‍ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സമ്മേളന പ്രതിനിധികള്‍ തികച്ചും പ്രൊഫഷണലിസം പാലിച്ചുകൊണ്ട് വിവിധ വിഷയങ്ങളില്‍ യുക്മയുടെ വളര്‍ച്ചക്ക് സഹായകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുകയുണ്ടായി. മിഡ്ലാന്‍ഡ്സ് റീജിയണ്‍ നാഷണല്‍ കമ്മിറ്റിയംഗം സന്തോഷ് തോമസ് നേതൃത്വ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

നേതൃത്വ സമ്മേളനത്തിനും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തിനും മുന്നോടിയായി ദേശീയ നിര്‍വാഹക സമിതിയുടെ യോഗം രാവിലെ ചേരുകയുണ്ടായി. പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളുമായ അലക്‌സ് വര്‍ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, സെലീന സജീവ്, ടിറ്റോ തോമസ്, ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ, സന്തോഷ് തോമസ്, വര്‍ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.