സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മയുടെ ഔദ്യോഗfയ മുഖപത്രമായ ‘യുക്മന്യൂസി’ന്റെ 2019 – 2021 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കും ചീഫ് എഡിറ്ററായി തുടരുന്ന സുജു ജോസഫിനോടൊപ്പം പരിചയ സമ്പന്നരായ യുക്മ നേതാക്കളും മാധ്യമരംഗത്ത് തല്‍പരരായ യുക്മ സ്‌നേഹികളും ഉള്‍പ്പെടുന്ന നല്ലൊരു ടീമാണ് വരും വര്‍ഷങ്ങളിലേക്ക് യുക്മന്യൂസിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ആയിരിക്കും പുതിയ ‘യുക്മന്യൂസ്’ ചെയര്‍മാന്‍. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തു പ്രവര്‍ത്തിക്കും. യുക്മ മുന്‍ ദേശീയ ജോയിന്റ് ട്രഷററും ഇപ്പോഴത്തെ മിഡ്ലാന്‍ഡ്സ് റീജിയണല്‍ പി ആര്‍ ഒ യുമായ ജയകുമാര്‍ നായര്‍ ആണ് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍.

യുക്മ മുന്‍ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗത്ത് ഈസ്റ്റ് റീജിയണില്‍നിന്നുള്ള ഷാജി തോമസ് മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ ആയി പ്രവര്‍ത്തിക്കും. യുക്മന്യൂസ് മുന്‍ ചീഫ് എഡിറ്ററും, നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രഷററും, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം മീഡിയ അഡൈ്വസറും ആയിരുന്ന ബൈജു തോമസ് തന്നെയായിരിക്കും തുടര്‍ന്നും യുക്മന്യൂസ് മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക.

യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മുന്‍ സെക്രട്ടറിയും നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ ഷെഫീല്‍ഡില്‍നിന്നുള്ള വര്‍ഗീസ് ഡാനിയേല്‍, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുന്‍ വൈസ് പ്രസിഡന്റും ആക്റ്റിംഗ് പ്രസിഡന്റും ആയിരുന്ന പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ വാറ്റ്ഫോര്‍ഡില്‍ നിന്നുള്ള സണ്ണിമോന്‍ മത്തായി, അനുഗ്രഹീത ഗാനരചയിതാവും എഴുത്തുകാരനും കഴിഞ്ഞ രണ്ട് ടേമുകളിലും യുക്മന്യൂസ് ടീം അംഗമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയുമായ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി മുന്‍ പ്രസിഡന്റ് ഷാജി ചാരമേല്‍, ഫോട്ടോഗ്രാഫിയെയും വായനയേയും എഴുത്തിനെയും ഇഷ്ട്ടപ്പെടുന്ന, ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കൂടിയായ ഡാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ ആരക്കോട്ട് എന്നിവരാണ് യുക്മന്യൂസിന്റെ പുതിയ അസ്സോസിയേറ്റ് എഡിറ്റര്‍മാര്‍. ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകളുടെ ചുമതല ആയിരിക്കും അസ്സോസിയേറ്റ് എഡിറ്റര്‍മാര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ട്, യുക്മ സഹയാത്രികരായ ആറ് പേരെക്കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ന്യൂസ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. താഴെ പറയുന്നവരാണ് ന്യൂസ് ടീം അംഗങ്ങള്‍:-

ബെന്നി അഗസ്റ്റിന്‍ : കാര്‍ഡിഫില്‍ നിന്നുള്ള ബെന്നി അഗസ്റ്റിന്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി യുക്മ ന്യൂസ് ടീം അംഗമായി പ്രവര്‍ത്തിക്കുന്നു. യുക്മയുടെ മുന്‍ വെയില്‍സ് റീജിയണല്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജേഷ് നടേപ്പള്ളി : സ്വിന്‍ഡനില്‍ നിന്നുള്ള രാജേഷ് യു കെ യില്‍ അറിയപ്പെടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയണിലെ സജീവ സംഘാടകനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായിരുന്നു.

ടോം തോമസ് : യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മുന്‍പ്രസിഡന്റായിരുന്ന ടോം ബ്രാഡ്‌ഫോര്‍ഡ് അസോസിയേഷന്‍ അംഗവും അച്ചടക്കമുള്ള സംഘടനാപ്രവര്‍ത്തനത്തിന് മാതൃകയുമാണ്.

സിബു ജോസഫ് : കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലാ സാംസ്‌ക്കാരിക രംഗത്തു സജീവ സാന്നിദ്ധ്യവുമായ സിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു മാതൃകയും പ്രചോദനവുമാണ്.

സ്റ്റീഫന്‍ അലക്‌സ് ഇലവുങ്കല്‍ : സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റെര്‍ഷെയര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായ സ്റ്റീഫന്‍ എന്നും യുക്മയുടെ മുഖ്യധാരയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള തികഞ്ഞ യുക്മ സ്‌നേഹിയാണ്.

റ്റിജു തോമസ് : ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലേക്ക് താമസം മാറിയെത്തിയ റ്റിജു യുക്മയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനും സഹയാത്രികനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായി മികവ് തെളിയിച്ച വ്യക്തിയാണ്.

യു കെ മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുവാനുള്ള ഉത്തരവാദിത്തമാണ് ന്യൂസ് ടീം അംഗങ്ങള്‍ പ്രധാനമായി ചെയ്യുന്നത്. അതോടൊപ്പം തന്നെ യുക്മന്യൂസില്‍ പുതിയ പംക്തികള്‍ തുടങ്ങുന്നതും ന്യൂസ് ടീം അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും.

യു കെ മലയാളി സമൂഹത്തിന് കൂടുതല്‍ ഗുണകരമായി യുക്മ മുഖപത്രത്തെ പാകപ്പെടുത്തുകയെന്ന ക്രീയാത്മകമായ ഉത്തരവാദിമാണ് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്. യുക്മന്യൂസിന്റെ പുതിയ സാരഥികള്‍ക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി എല്ലാവിധ ആശംസകളും നേര്‍ന്നു.