പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ഒരു മലയാള സമാജം ഉഴവൂര്‍ കോളജില്‍ ആരംഭിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയാളം മെയിനില്ലെങ്കിലും സെക്കന്റ ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കുറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് മലയാളം പഠിക്കുന്ന കുട്ടികളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു കമ്മിറ്റിയുണ്ടാക്കി. വകുപ്പദ്ധ്യക്ഷന്‍ പ്രസിഡന്റ ്. മലയാളത്തിലെ ഒരു അധ്യാപകന്‍ ട്രഷറാര്‍. ബാക്കി ഭാരവാഹികളെല്ലാം വിദ്യാര്‍ത്ഥികള്‍. ഈ ഉദ്യമത്തിന് പ്രാല്‍ സാര്‍ പച്ചക്കൊടി വീശി. ”ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ പോവുകയാണ്. നീ എല്ലാം നോക്കി നടത്തിക്കോ.” ഇലഞ്ഞിക്കാരനായ ജോസഫ് സി. സൈമണ്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു സെക്രട്ടറി. ജോസഫ് ഓടിനടന്ന് എല്ലാകാര്യങ്ങളും നടത്തിയിരുന്നത് എനിക്ക് ഉത്സാഹമായി. ഒരു കവിയരങ്ങോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. കവി ചെമ്മനം ചാക്കോയെ ഉദ്ഘാടനത്തിന് വിളിച്ചു. കവി ഡി. വിനയചന്ദ്രന്റെ ഉത്സാഹത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, എസ്.ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ യുവ കവികളെയും ക്ഷണിച്ചു. രണ്ടായിരാമാണ്ട് ഒക്‌ടോബര്‍ മാസത്തില്‍ കവിയരങ്ങ് നടത്തുവാന്‍ ഒരു തീയതിയും നിശ്ചയിച്ചു. പ്രത്യേകരീതിയിലുള്ള നോട്ടീസ് റെഡിയാക്കി. പനയോലകള്‍ കൊണ്ട് കേരളീയ മാതൃകയില്‍ കമാനങ്ങെളാക്കെ ഒരുക്കുവാനും കുട്ടികള്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി.

പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് കോളജില്‍ അതിഭയങ്കരമായ സംഘര്‍ഷം ഉണ്ടായി. ഇക്കണോമിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ എഴുതി ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഏതോ കോമേഴ്‌സ് വിദ്യാര്‍ത്ഥി കീറിക്കളഞ്ഞു. കുട്ടികള്‍ തമ്മില്‍ അടിപിടിയായി. ഇക്കണോമിക്‌സുകാര്‍ സമരം പ്രഖ്യാപിച്ചു. കൊമേഴ്‌സുകാര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്‌നം ഇക്കണോമിക്‌സ്, കോമേഴ്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള വൈരമായി വളര്‍ന്നു. പിറ്റേദിവസവും സമരം ശക്തമായി. കോളജ് കവാടത്തിലെ ഷട്ടറുകള്‍ അടച്ചിട്ട് ഇരുവിഭാഗവും ബലപരീക്ഷണത്തിന് മുതിര്‍ന്നു. ഒരു കോമേഴ്‌സ് അധ്യാപകന്റെ മകന്‍ സസ്‌പെന്‍ഷനിലായി. മലയാള സമാജത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ഞങ്ങള്‍ പ്രിന്‍സിപ്പലിനോട് ചോദിച്ചു. വി.പി. തോമസുകുട്ടി സാര്‍ നിസഹായനായി കൈമലര്‍ത്തി. ”ഈ ബഹളത്തില്‍ ഞാനെന്തുചെയ്യാനാ. കവിയരങ്ങ് മാറ്റിവയ്ക്ക്.” അദ്ദേഹം പറഞ്ഞു. കുട്ടികള്‍ നിരാശരായി. ഉയര്‍ത്തിക്കെട്ടിയ ബാനറുകള്‍ അഴിച്ച് മടക്കിവച്ചു. പനയോലകള്‍ കാന്റീന്റെ പിറകില്‍ ഒളിപ്പിച്ചുവച്ചു. ജോസഫ് സി. സൈമണ്‍ കണ്ണീരണിഞ്ഞ് ഇലഞ്ഞിയിലേക്കു മടങ്ങി.

വൈകുേന്നരം വീട്ടിെലത്തിയ ഞാന്‍ ചെമ്മനം ചാക്കോസാറിനെ ഫോണ്‍ ചെയ്തു. കവിയരങ്ങ് മാറ്റിവച്ചു എന്ന വാര്‍ത്തകേട്ടപ്പോള്‍ സാര്‍ പൊട്ടിത്തെറിച്ചു. ”ഞാന്‍ പെട്ടിയെല്ലാം അടുക്കി പുലര്‍ച്ചെയുള്ള തീവണ്ടിക്ക് പോരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നല്ലോ. നിങ്ങളെന്തു പണിയാണീ കാണിച്ചത്.” എന്റെ കദനകഥ കേട്ടപ്പോള്‍ സാര്‍ തണുത്തു. പിന്നെ ഒരിക്കലാവാം എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടുചെയ്തു. മറ്റു യുവ കവികളെ വിനയചന്ദ്രന്‍ സാര്‍ വിളിച്ച് ആശ്വസിപ്പിച്ചു. അങ്ങനെ മലയാള സമാജം എന്ന കുഞ്ഞിന്റെ ജന്മം എട്ടു മാസത്തേക്കുകൂടി നീണ്ടു! കടിഞ്ഞൂല്‍ പ്രസവം വേദനാമയമായി. 2001 ജൂണിലാണ് മലയാള സമാജത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. സുകുമാര്‍ അഴിക്കോടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചാഴിക്കാട്ടു ഹാളില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിയായിരുന്നു ആ സമ്മേളനം. പ്രിന്‍സിപ്പല്‍ വി.പി തോമസുകുട്ടി സാര്‍ ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. അദ്ധ്യക്ഷന്‍ പ്രാല്‍സാര്‍, പ്രിന്‍സിപ്പല്‍ തോമസുകുട്ടി സാര്‍ ആശംസ.

കോളജിലെ മിക്കവാറും എല്ലാ അധ്യാപകരും അഴിക്കോട് സാറിന്റെ പ്രസംഗംകേള്‍ക്കുവാന്‍ മുന്‍ നിരയില്‍ വന്നിരുന്നു. പന്ത്രണ്ട് മിനിട്ട് നീണ്ട ഒരു സ്വാഗതമാണ് ഞാന്‍ ആശംസിച്ചത്. നല്ല ഒരന്തരീക്ഷമായിരുന്നതിനാല്‍ സ്വാഗതം കത്തിക്കയറി. അഴീക്കോട് സാറിനെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ സൂചിപ്പിച്ചുെകാണ്ടുതന്നെ എനിക്കവതരിപ്പിക്കുവാന്‍ കഴിഞ്ഞു. അതിന്റെ സന്തോഷം അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. അപശബ്ദങ്ങളൊന്നുമില്ലാതെ ഒന്നരമണിക്കൂര്‍ ചാഴികാട്ട് ഹാള്‍ സാംസ്‌കാരിക നിലവാരത്തിന്റെ സുന്ദരമുഖം പ്രകടിപ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ അഴീക്കോട് സാര്‍ ഹോസ്റ്റലില്‍ ഊണുകഴിച്ച് ഞങ്ങളെ നോക്കി അപൂര്‍വ്വമായ ആ പുഞ്ചിരിപൊഴിച്ച് കോട്ടയത്തേക്ക് യാത്രയായി. അന്നുവൈകുന്നേരം മാമ്മന്‍ മാപ്പിളഹാളില്‍ അദ്ദേഹത്തിന് മറ്റൊരു പ്രഭാഷണമുണ്ട്.

മലയാള സമാജത്തിന്റെ പേരില്‍ പിന്നീട് പലപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചു. കൈയ്യെഴുത്തു മാസിക എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചു. ചെമ്പകം, പച്ചക്കുതിര, മുരജം തുടങ്ങിയ പേരുകളുള്ള കൈയ്യെഴുത്തു മാസികകള്‍ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കൈയ്യെഴുത്തുമാസികയുടെ സകല ജോലികളും കുട്ടികള്‍ സന്തോഷത്തോടെ ഏറ്റെടുത്തു. ജോസഫ് സി.സൈമണ്‍, ഉദയകുമാര്‍, കുസുമം ജോസഫ്, ഡോണാ സേവ്യര്‍ തുടങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. ഉദയകുമാര്‍ ഇപ്പോള്‍ യു.എ.ഇയില്‍ ഉണ്ട്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു വിമാന യാത്രയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി ഉദയകുമാര്‍ സംസാരിച്ചത് എന്നെ സന്തോഷവാനാക്കി. ഡി. വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, മനോജ് കുറൂര്‍ എന്നിവരൊക്കെ മലയാളസമാജത്തിന്റെ പല വേദികളില്‍ കവിതകളവതരിപ്പിച്ചു. സി.എല്‍ തോമസ്, പോള്‍ മണലില്‍, ജോസ് ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മീഡിയാ വര്‍ഷോപ്പ് നടത്തുവാന്‍ കഴിഞ്ഞു. ട്രഷററായിരുന്ന സോമിടീച്ചറിന്റെ നേതൃത്വത്തില്‍ ഒരു ലോട്ടറി നടത്തി പണം സമാഹരിച്ചു. ഞാന്‍ പ്രിന്‍സിപ്പലാകുന്നതുവരെ മലയാള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നു.

ബി.സി.എം. കോളജില്‍ എത്തിയപ്പോഴും മലയാള സമാജ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു സാംസ്‌കാരിക അനുഭവമായി ഞാന്‍ സ്മരിക്കുന്നു. ഓര്‍മ്മ എന്ന പേരില്‍ 2014ലിലും 2015 ലും ഓരോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓര്‍മ്മയില്‍ ബി.സി.എം കോളജിലെ അധ്യാപികമാരുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് പങ്കുവച്ചത്. അത് കോളജില്‍ വലിയ സംസാരവിഷയമായി. തങ്ങള്‍ക്കു പറ്റിയ അമളികളും അബദ്ധങ്ങളും എഴുതി പലരും എഴുത്തുകാരായി. 2015 ലെ ഓര്‍മ്മ ആ വര്‍ഷം കോളജില്‍ നടന്ന നാക് ടീമിന്റെ സന്ദര്‍ശനം ഉണ്ടാക്കിയ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. നാക് സന്ദര്‍ശനത്തിന്റെ ഉദ്വേഗജനകവും രസകരവുമായ സ്മരണകളാണ് ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടത്. മലയാളം ഐച്ഛികമായി കോളജുകളില്‍ പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചാല്‍ ഒട്ടേറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ രണ്ടു കോളജുകളിലെയും മലയാള സമാജ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു.