ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ  പ്രതികരിച്ചു.

നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്.

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജോർദാനിൽ ഇതുവരെ 274 പേർക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.