ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന സിക വൈറസിനു വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനമാണ് വാക്‌സിന്‍ കണ്ടു പിടിച്ചതായി അവകാശപ്പെട്ട് രംഗത്തുവന്നത്. സിക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചത്. സിക വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍, പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കയില്‍ സിക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊതുകുകളിലൂടെ പകരുന്ന സിക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന ഇത് ഏറ്റവുമധികം ദുരിതം വിതച്ചതു ബ്രസീലിലാണ്. 3,700 കേസുകളാണു രാജ്യത്തുനിന്നു ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ചാല്‍ കുട്ടികളുടെ തലച്ചോര്‍ ചുരുങ്ങുന്നതിനിടയാക്കും.

ചെറിയ തലകളുമായി ബ്രസീലില്‍ ധാരാളം കുട്ടികള്‍ ജനിച്ചതിനു പിന്നില്‍ സിക്ക വൈറസ് ആണെന്നാണു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഈഡിസ് ഈജിപ്തി എന്നയിനം കൊതുക് പരത്തുന്നതാണ് വൈറസ്. ഇന്ത്യയില്‍ ഇതേവരെ സിക്ക റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 1947ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. വൈറസിന് ഈ പേരു നല്‍കിയത് അതുമൂലമാണ്. സിക്ക വൈറസ് കുട്ടികളില്‍ ജനനവൈകല്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

നാഡീവ്യൂഹത്തിനു കേടുവരുത്തി മസിലുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം വരാനും ഈ വൈറസ് കാരണമാകും. താത്കാലികമായി ശരീരം തളരുന്ന രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം.