ഇസ്ലാമാബാദ്:  മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വേദി പങ്കിട്ട പാകിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതിയെ വീണ്ടും തല്‍സ്ഥാനത്ത് നിയമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി പാലസ്തീന്‍.

പാക് മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും വിഷയത്തില്‍ ഒരാഴ്ച മുന്‍പ് ഔദ്യോഗിക വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നെന്നും പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹാഫിസ് സയ്യിദ് വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും പാലസ്തീന്‍ ആവര്‍ത്തിച്ചു.

പാകിസ്ഥാന്‍ ഉലമ കൗണ്‍സില്‍ പാലസ്തീനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വാലിദ് അബു അലിയെ വീണ്ടും പാക് സ്ഥാനപതിയായി പാലസ്തീന്‍ നിയമിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാന താഹിര്‍ അഷ്‌റഫിയെ ഉദ്ദരിച്ച് പാക് ചാനലായ ജിയോ ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാലിദ് അബു അലി ബുധനാഴ്ച ചുമതലയേല്‍ക്കുമെന്നായിരുന്നു വാര്‍ത്ത.

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വാലിദ് അബു അലി വേദി പങ്കിട്ടതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പാലസ്തീന്‍ തിരിച്ചു വിളിച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാലസ്തീന്‍ ഇന്ത്യക്കൊപ്പമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നടപടി.