ഓർമ്മിക്കാൻ എല്ലാവരിലും കാണില്ലേ ഒരു പ്രണയം ! എന്നാൽ കണ്ണിനെ ഈറനണിയിച്ചു ഹൃദയത്തിൽ ഇന്നും ഒരു നീറ്റൽ ആയി എത്ര കാണും……. വേദനിപ്പിച്ചില്ല ആ പ്രണയം

ഓർമ്മിക്കാൻ എല്ലാവരിലും കാണില്ലേ ഒരു പ്രണയം !  എന്നാൽ കണ്ണിനെ ഈറനണിയിച്ചു ഹൃദയത്തിൽ ഇന്നും ഒരു നീറ്റൽ ആയി എത്ര കാണും……. വേദനിപ്പിച്ചില്ല ആ പ്രണയം
February 14 07:26 2018 Print This Article

വേദനിപ്പിച്ചില്ല ആ പ്രണയം….ബിജോ തോമസ് അടവിച്ചിറ എഴുതുന്നു

വീണ്ടും എന്റെ ഓർമ്മകളിലേക്ക് ഓടി എത്തി ആ നീറുന്ന നൊമ്പരം….. നേർത്ത മഞ്ഞു മൂടിയ രാവിൽ മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ച പാതയിലൂടെ ഞാൻ നടന്നു നീങ്ങുമ്പോൾ എന്റെ കണ്ണുകളിൽ പതിഞ്ഞ ആ മുഖം . എന്നും എന്റെ പ്രഭാത സഞ്ചാരത്തിന അതൊരു പ്രചോദനമായി. സ്വപ്‌നങ്ങളും മോഹങ്ങളും നെയ്തുകൊണ്ടുള്ള ആ സഞ്ചാരത്തിൽ നമ്മുടെ കണ്ണുകൾ ഇടഞ്ഞപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളിൽ ഞാൻ എന്നും കാണാറുള്ള വെള്ളാരംകണ്ണുള്ള  രാജകുമാരിയുടെ  മുഖം ഇതാണെന്നു.
പിന്നീടുള്ള ദിനങ്ങൾ എനിക്ക് നിന്നെ കാണാനും അറിയാനുമുള്ളതായിരുന്നു. പുഴയിലേക്ക് ചാഞ്ഞു നിന്ന ആ മരത്തിൽ ചാരി ഞാൻ അന്ന് നിന്നെയും കാത്തിരുന്നപ്പോൾ മനസ്സിൽ ഞാൻ നെയ്ത സ്വപ്നങ്ങൾക്ക് വർണ്ണ വസന്തം നൽകുകയായിരുന്നു. നീ അറിയാതെ നിന്നെ ഞാൻ അറിയാൻ ശ്രമിച്ചു . ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ മനസ്സിലെ പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞു തുടങ്ങി . പാതി വിരിഞ്ഞ പ്രണയത്തിന്റെ പനിനീർ പുഷ്പം ഞാൻ അന്ന് നിനക്ക് നൽകുവാൻ കൊതിച്ചപ്പോൾ നീ എന്നിൽ തിരഞ്ഞതും എനിക്കേകിയതും സൗഹൃദത്തിൻ പൂച്ചെണ്ടുകൾ ആയിരുന്നു …. നീ കൊതിച്ചതും സൗഹൃദം മാത്രമായിരുന്നു… എന്നിലേക് നീട്ടിയ സൗഹൃദത്തിന്റെ പൂച്ചെണ്ടുകൾ ഞാൻ സ്വകാരിച്ചു , പാതി വിരിഞ്ഞ പ്രണയത്തിന്റെ പനിനീർ പുഷ്പം മനസ്സിന്റെ ചില്ലുകൂട്ടിൽ ഞാൻ സൂക്ഷിച്ചു വെച്ചു ….

പിന്നീടങ്ങോട്ട് മേഘപാളികളാൽ തീർത്ത , മഞ്ഞുപെയ്യുന്ന , പൂക്കൾസുഗന്തം പരത്തുന്ന, ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന , ആ സൗഹൃദത്തിന്റെ താഴ്‌വരയിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തെടുത്തു പാറിപ്പറന്നുല്ലസിച്ചു..
ഒരിക്കലും പിരിയാൻ കഴിയാത്തവിധം നീ എന്നിലേക്ക് അടുത്തപ്പോൾ ഞാൻ കൊതിച്ചത് നിന്റെ പ്രണയമായിരുന്നു . ഋതുക്കൾ മാറിമറഞ്ഞുപോയപ്പോൾ ഞാൻ ചില്ലുകൂട്ടിൽ സൂക്ഷിച്ച പ്രണയം എന്നെ ഭ്രാന്തമായൊരു ലോകത്തേക്കെത്തിച്ചുകഴിഞ്ഞിരുന്നു .
എനിക്ക് നിനോടുള്ള പ്രണയം തുറന്നുപറയാൻ മാത്രമായിരുന്നു ഞാൻ അന്നാ സായം സന്ധ്യയിൽ പമ്പയാറിന്റെ തീരത്തു വന്നത്…
“സായം സന്ധ്യയിൽ ചുവപ്പിന്റ കിരണങ്ങൾ ഓളപ്പരപ്പിൽ തട്ടി തെറിച്ചപ്പോൾ മനസ്സ്‌കൊതിച്ചു നിന്റെ കഴുത്തിൽ താലി ചാർത്തി എന്റേതാക്കാൻ … ഏറെ വൈകാതെ സുമംഗലിയായ ഭൂമീദേവിയെ വിരഹിണിയാക്കി ചക്രവാളത്തിലേയ്ക്ക് ഓടിമറഞ്ഞു അരുണൻ…
അപ്പോൾ അറിയാതെ എൻമനമൊന്നു പിടഞ്ഞു… ഒത്തിരിനേരത്തെ കാത്തിരിപ്പല്ലാതെ എനിക്കന്നും നിന്നെ കാണാൻ കഴിഞ്ഞില്ല . ദിനരാത്രങ്ങൾ പതിവുപോലെ കടന്നുപോയി , നിന്റെ സ്വരമൊന്നു കേൾക്കാതെ ഒരുനോക്കു കാണാൻ കഴിയാതെ…
ദിവസങ്ങൾക്കു ശേഷം ഞാൻ നിന്റെ വീടിന്റെ പാടിവാതിൽ കടന്നു വന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ആ വീടിന്റെ ഹൃദയസ്പന്ദനമായ നീ ഇന്ന് മൂകമാണെന്നു. വീടിന്റെ പാടിവാതിൽ കടന്ന് അകത്തളത്തിൽ എത്തിയപ്പോൾ എന്റെ കയ്യുകളിൽ പിടിച്ച നിന്റെ അമ്മയുടെ കൈകൾ ….ആ സ്പർശനം ഇന്നും എന്നിൽ നിന്നും മാഞ്ഞുപോയിട്ടില്ല… അന്ന് അമ്മ എന്നെ കപണ്ടു പോയത് നിന്റെ സ്വപ്നക്കൂടാരത്തിലേക്കായിരുന്നു . ഇവിടെ ചെന്നപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . ഒരു നിമിഷത്തെ മായണത്തിനു ശേഷം ഞാൻ അറിയാതെതന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു….

ആ മുറിയിൽ ഞാൻ നിന്റെ ഗന്ധം അറിഞ്ഞു….ഹൃദയത്തുടിപ്പുകൾ അറിഞ്ഞു… ഞാൻ ചില്ലുകൂട്ടിൽ അടച്ചുവച്ച എന്റെ പ്രണയവും, സ്വപ്നങ്ങളും നീ അറിഞ്ഞിരുന്നല്ലേ … എല്ലാം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് എന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…
മേശപുറത്തുണ്ടായിരുന്ന ഡയറി എടുത്തു വായിച്ചു ഞാൻ, അതിന്റെ ആദ്യ താളിൽ നീ കുറിച്ച വാക്കുകൾ…
” നിനക്കായി ഞാൻ തീർത്ത പ്രണയതീരം”
അതിൽ മുഴുവൻ എന്നോടുള്ള പ്രണയമായിരുന്നു . ഒരിക്കലും പൂർത്തീകരിക്കാൻ കഴിയ്യാത്ത പ്രണയം . ജീവിതയാത്രയുടെ ലക്ഷ്യത്തിലേക് പ്രിയമുള്ള എല്ലാവരെക്കാളും മുന്നേ നീ നടന്നടുക്കും എന്ന പ്രപഞ്ചസത്യം അറിഞ്ഞതുകൊണ്ടാണോ എന്റെ പ്രിയ വെള്ളാരംകണ്ണുള്ള  രാജകുമാരി  എന്നോടുള്ള നിന്റെ പ്രണയം സ്വന്തം പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ചത് .
എന്റെ കണ്ണുകളെ ഈറനണിയിച്ചു അതിലെ ഓരോ വരികളും .. ഒരുനൂറുവര്ഷം നീ എനിക്ക് തരാൻകൊതിച്ച പ്രണയം ഞാൻ ആ നിമിഷം അനുഭവിച്ചുതീർത്തു.. ഇന്നീ ലോകത്തു നീ ഇല്ല എന്ന സത്യം ഞാൻ അറിയാതെ അറിഞ്ഞു. എന്റെ ഹൃദയത്തുടിപ്പുകളിൽ നിന്റെ ഓർമ്മകൾ ചേർത്തുവച്ചു ഞാൻ ആ മുറിയിൽ ഏറെനേരം ഇരുന്നു. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആ സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെ ഞാൻ ആ മുറിവിട്ടിറങ്ങി . അപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നു നിന്റെ ശ്വാസനിശ്വാസങ്ങളും, ഹൃദയത്തുടിപ്പുകളും, നീ എനിക്കേകിയ നിറമുള്ള ഓർമകളും. അതൊക്കെ എന്നും എനിക്ക് മാത്രം സ്വന്തം…..
നിന്റെ പുസ്തകത്തഴിലെ അവസാന വരികൾപോലെ…..

കാലങ്ങൾ എത്രയോ കഴിഞ്ഞു മരണം എന്നു കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍…. പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ… എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി… ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്‍ പറഞ്ഞതല്ലേ… കരഞ്ഞുകൊണ്ട് നീയെന്‍റെ കൈകളില്‍ മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്‍ക്കുന്നുണ്ട് കണ്ണീരിന്‍റെ നനവോടെ. എന്‍റെ വാക്കുകള്‍ക്കര്‍ഥം നല്‍കാന്‍ നിനക്കെന്തേ കഴിയാതെ പോയി. നിന്‍റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍…

ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട്. നിന്‍റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്‍ കഴിയാത്ത നിശബ്ദ നിമിഷങ്ങളില്‍ നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്‍ വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്‍ കരയാതെ തീര്‍ക്കാന്‍.. തെറ്റു പറ്റിയാല്‍ അവയോര്‍ത്തു കരയാതിരിക്കാന്‍… ബന്ധങ്ങള്‍ ചങ്ങലക്കെട്ടുകളാകുമ്പോള്‍ അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍… പ്രിയപ്പെട്ടവര്‍ ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്‍ ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍… കരള്‍ പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍… കണ്ണുനീര്‍ നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്‍ക്കാന്‍… ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്‍ എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം…

ഓളപ്പരപ്പിൽ ഒഴുക്കിനെതിരെ തുഴയുമ്പോൾ പാതിവഴിയിൽ  വഴിപിരിഞ്ഞു പോയ പ്രിയ കൂട്ടുകാരി.. നിനക്കു വേണ്ടി…

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles