ഇന്ന് ഫെബ്രുവരി 14… വാലൻൈറൻസ് ഡേ …

ഇന്ന് ഫെബ്രുവരി 14… വാലൻൈറൻസ് ഡേ …
February 14 00:01 2018 Print This Article

ഫെബ്രുവരി..  അത് പ്രണയത്തിൻറെ മാസം.. ഫെബ്രുവരി 14.. ലോകമെമ്പാടും സ്നേഹത്തിൻറെ.. പരിശുദ്ധ പ്രണയത്തിൻറെ സന്ദേശങ്ങൾ മനസുകൾ കൈമാറും ദിനം. വാലൻൈറൻസ് ഡേ .. 150 മില്യൺ പ്രണയ സന്ദേശങ്ങളാണ് ഇന്ന് കോറിയിടപ്പെടുന്നത്. ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശംസാ സന്ദേശങ്ങൾ അയയ്ക്കപ്പെടുന്ന ദിനം. ഇതിൻറെ തുടക്കം പുരാതന റോമാ സാമ്രാജ്യത്തിലാണ്. പുരാതന ക്രൈസ്തവ പാരമ്പര്യവുമായി ഇതിന് ഗാഢമായ ബന്ധമുണ്ട്.

വാലൻറെയിൻ എന്നോ, വാലന്റിനുസ് എന്നോ പേരുള്ള മൂന്നു രക്ത സാക്ഷികൾ കാത്തലിക് ചർച്ചിൽ ഉണ്ട്. ഒരു വിശ്വാസമനുസരിച്ച് വാലൻറെയിൻ ഒരു വൈദികനായിരുന്നു. റോമിൽ മൂന്നാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒറ്റയ്ക്കു ജീവിക്കുന്ന യുവാവ്, ഭാര്യയോടും കുടുംബത്തോടും ഒപ്പം താമസിക്കുന്നവനെക്കാൾ മികച്ച സൈനികനായിരിക്കും എന്ന് റോമാ സാമ്രാജ്യത്തിൻറെ അധിപൻ ക്ലാഡിയൂസ് രണ്ടാമൻ വിശ്വസിച്ചു. അതിനാൽ യുവാക്കളുടെ വിവാഹം അദ്ദേഹം നിരോധിച്ചു. ഇത് അനീതിയെന്നു മനസിലാക്കിയ വാലൻറെയിൻ പ്രണയിക്കുന്നവർക്ക് പിന്തുണ നല്കുകയും അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കുകയും ചെയ്തു. വാലൻറെയിനിൻറെ ഈ പ്രവൃത്തി കണ്ടു പിടിക്കപ്പെട്ടു. ക്ലാഡിയൂസ് രണ്ടാമൻ വാലൻറെയിനിനെ മരണ ശിക്ഷയ്ക്കു വിധിച്ചു. ഇതിൻറെ സ്മരണയിൽ വാലൻറെയിൻ ഡേ പിറവിയെടുത്തു.

നിർമ്മല തുഷാര കണങ്ങൾ പോലെ
പരിശുദ്ധമീ ഹൃദയ നൊമ്പരങ്ങൾ…
അറിയാതെ ഉള്ളിൽ നാമ്പെടുത്തിടും
സുഖമുള്ള സ്നേഹത്തിൻ വേദന…

ഒരു നോട്ടം..  ഒരു വാക്ക്.. ഒരു പുഞ്ചിരി
കൊതിക്കുമീ ഹൃദയങ്ങൾ വിണ്ണിലെങ്ങും…
ബാല്യമോ യുവത്വമോ ജീവിത സായാഹ്നമോ
സിരകളിൽ പ്രസരിക്കും ഈ സ്നേഹ സ്പന്ദനം…

മറ്റൊരു വിശ്വാസമനുസരിച്ച് റോമിലെ കൽത്തുറുങ്കുകളിൽ അടയ്ക്കപ്പെട്ട് പീഡനമനുഭവിച്ചിരുന്ന ക്രിസ്ത്യാനികളെ രക്ഷപെടുത്തുവാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട വ്യക്തിയാണ് വാലൻറെയിൻ. വേറൊരു കഥയനുസരിച്ച് ജയിലിൽ ഏകാന്ത തടവിലായിരുന്ന വാലൻറെയിൻ തന്നെ സന്ദർശിക്കാൻ എത്തിയ ഒരു യുവ സുന്ദരിയുമായി പ്രണയത്തിലായി. അത് ജയിലറുടെ മകളായിരുന്നു. തൻറെ മരണത്തിനു മുൻപ് വാലൻറെയിൻ ആ യുവസുന്ദരിക്ക് ഒരു സ്നേഹ സന്ദേശം അയച്ചു. നിൻറെ വാലൻറെയിനിൽ നിന്നും എന്ന അടിക്കുറിപ്പോടെ. വാലൻറെയിൻ എന്ന വ്യക്തി പ്രഭാവത്തിൻറെ ഉറവിടം സ്പഷ്ടമല്ലെങ്കിലും സഹതാപമുള്ള, ധീരനായ പ്രണയത്തിൻറെ പ്രതീകമായമായാണ് കരുതപ്പെടുന്നത്.

പ്രഭാതത്തിൽ ഊർജമായി, പ്രതീക്ഷയായ്
ഹൃദയത്തിൽ ഉജ്ജ്വലിക്കുമീ പ്രണയം…
അരുതെന്ന് പറയുമ്പോഴും അറിയാതെ
വഴുതി വീഴുന്നോരിന്ദ്രജാലം…

മുകരുക ഈ സ്നേഹ നീരുറവയിൽ നിന്നും
പ്രണയാതുരമായിടട്ടെ ആ മിഴികൾ…
തീരമണയാൻ കൊതിക്കും തിരമാലകൾ പോലെ
പ്രണയമേ വരിക ഒരു കുളിർ തെന്നലായി…

ക്രൈസ്തവ സഭയിൽ വാലൻറയിൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കയെ കൂടാതെ ക്യാനഡാ, മെക്സിക്കോ, ബ്രിട്ടൺ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വാലൻറെയിൻസ് ഡേയ്ക്ക് വൻ പ്രചാരമുണ്ട്. പതിനേഴാം നൂറ്റാണ്ടു മുതലാണ് ബ്രിട്ടണിൽ വലൻറയിൻ ദിനാഘോഷം പതിവായി തുടങ്ങിയത്. തുടക്കത്തിൽ പ്രണയിക്കുന്നവരും സുഹൃത്തുക്കളും പരസ്പരം സ്നേഹ സന്ദേശങ്ങൾ ഒരു കടലാസിലെഴുതി കൈമാറിയിരുന്നു. ഇന്ന് അവ ആശംസാ കാർഡുകൾക്ക് വഴിമാറി. തങ്ങളുടെ മനസിൽ രഹസ്യമായി സൂക്ഷിക്കുന്ന പ്രണയം വെളിപ്പെടുത്തുന്ന ദിനമാണ് ചിലർക്ക് വാലൻറെയിൻസ് ഡേ. മറ്റു പലരും തങ്ങളുടെ പ്രണയം സന്ദേശങ്ങൾ വഴി ഊട്ടി ഉറപ്പിക്കുന്നു. സന്തോഷവും സ്നേഹവും പ്രണയവും പ്രകടിപ്പിക്കുന്നതിൻറെ ഭാഗമായി ചുവന്ന റോസപ്പൂക്കളും ചോക്കലേറ്റുകളും ആശംസാ കാർഡുകളും ഇന്ന് കൈമാറപ്പെടുന്നു.

 

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles